സഹകരണവകുപ്പ്

നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുളള വസ്തുതയാണ്. കഴിഞ്ഞ 55 മാസത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണം ഈ മേഖലയിലുണ്ടാക്കിയ വളര്‍ച്ച അഭിമാനകരമാണ്. സംസ്ഥാനമാകെ 25000 ഓളം സഹകരണസംഘങ്ങള്‍. അതില്‍ 15000 ഓളം സഹകരണവകുപ്പിന് കീഴില്‍. കേരള സമൂഹത്തില്‍ സഹകരണമേഖല കടന്നുചെല്ലാത്ത മേഖലകളില്ല എന്നായിരിക്കുന്നു. ഗ്രാമീണ കാര്‍ഷിക മേഖലയുടെ വികസനപ്രക്രിയയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരികമേഖലകളില്‍ കരുത്തുറ്റ ശക്തിയായി സഹകരണമേഖല വളര്‍ന്നുകഴിഞ്ഞു. ഭദ്രമായ സാമ്പത്തികാടിത്തറയും ശക്തമായ പശ്ചാത്തല സൗകര്യങ്ങളും, സമൂഹത്തിലെ സമസ്തജനവിഭാഗങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടുളള പ്രവര്‍ത്തനശൈലിയും സഹകരണപ്രസ്ഥാനത്തെ ജീവിതഗന്ധിയാക്കി മാറ്റി. മറ്റൊരര്‍ത്ഥത്തില്‍ ജനകീയ സംഘശക്തിയുടെ ഉദാത്തമായ മാതൃകയാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം.

സഹകരണ നവരത്‌നം കേരളീയം
സഹകരണമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി 12-ാം കേരള നിയമസഭയുടെ 5-ാം സമ്മേളനത്തില്‍ 2007 ജൂലൈ 4-ന് ബഹു. സഹകരണം, കയര്‍ വകുപ്പുമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച ഒന്‍പതിന കര്‍മ്മപരിപാടിയാണ് 'സഹകരണനവരത്‌നം കേരളീയം' പരിപാടി. കേരളസമൂഹത്തില്‍ സര്‍വ്വതലസ്പര്‍ശിയായ ഇടപെടല്‍ നടത്താന്‍ കഴിവുളള പരിപാടിയ്ക്കായി വിഭാവനം ചെയ്ത ഈ പരിപാടിയിലൂടെ സഹകരണമേഖല കരുത്താര്‍ജ്ജിച്ച് മുന്നോട്ടുപോവുകയാണ്.

· സഹകരണ നിക്ഷേപം കേരളീയം
· സഹകരണ കാര്‍ഷികം കേരളീയം
· സഹകരണ വിദ്യാഭ്യാസം കേരളീയം
· സഹകരണ ആരോഗ്യം കേരളീയം
· സഹകരണ സാമൂഹ്യം കേരളീയം
· കുടിശികനിവാരണം കേരളീയം
· അഴിമതി നിര്‍മ്മാര്‍ജ്ജനം കേരളീയം
· സഹകരണ വിപണനം കേരളീയം
· സഹകരണ പ്രചരണം കേരളീയം

സഹകരണ നിക്ഷേപ വായ്പാമേഖല
കേരളത്തിലെ സഹകരണമേഖല ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്നത് പ്രധാനമായും നിക്ഷേപരംഗത്താണ്. നിക്ഷേപ വായ്പാമേഖലയില്‍ നാം നടത്തിയ ഗുണപരമായ ഇടപെടല്‍ മൂലമാണ് ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പോലും കേരളത്തിലെ സഹകരണ നിക്ഷേപ വായ്പാമേഖല കരുത്താര്‍ജ്ജിച്ചതിന് കാരണം.

സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും, 14 ജില്ലാ സഹകരണ ബാങ്കുകളും, 64 ശാഖകളും, 1603 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും 2044 ശാഖകളും, 60 അര്‍ബണ്‍ ബാങ്കുകളും അവയുടെ 200 ഓളം ശാഖകളും, 998 എംപ്ലോയീസ് സംഘങ്ങളും അവയുടെ 200 ഓളം ശാഖകളും ഉള്‍പ്പെട്ടതാണ് കേരളത്തിലെ സഹകരണ നിക്ഷേപമേഖല. ഇവയുടെ കൂടെ സംസ്ഥാന കാര്‍ഷിക വികസനബാങ്കിന്റെ കീഴിലുള്ള 48 പ്രാഥമിക കാര്‍ഷികവികസനബാങ്കുകളും അവയുടെ ബ്രാഞ്ചുകളും 864 പട്ടികജാതി/പട്ടികവര്‍ഗ്ഗസംഘങ്ങള്‍, ഹൗസിംഗ് ഫെഡറേഷന്റെ കീഴിലുളള 284 പ്രൈമറി ഹൗസിംഗ് സഹകരണസംഘങ്ങള്‍, 36 ഫാര്‍മേഴ്‌സ് സഹകരണസംഘങ്ങള്‍, 82 കാര്‍ഷികേതര വായ്പാസംഘങ്ങള്‍ തുടങ്ങിയവയൊക്കെ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ വായ്പാമേഖല.
രാജ്യത്തെ മൊത്തം 94950 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ 1.69% ആയ 1603 സംഘങ്ങള്‍ മാത്രമേ കേരളത്തിലുള്ളൂ. എന്നാല്‍ 31-03-2008-ലെ കണക്കനുസരിച്ച് പ്രാഥമിക സംഘങ്ങളുടെ മൊത്തം നിക്ഷേപ തുകയായ 25449 കോടി രൂപയുടെ 71.5% ഉം (18200 കോടി രൂപ) കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ നിക്ഷേപമായിരുന്നു. നിക്ഷേപം, പ്രവര്‍ത്തന മൂലധനം, നില്‍പ്പ് വായ്പകള്‍, ശരാശരി ഹ്രസ്വകാല കാര്‍ഷികവായ്പ നില്‍പ്പ് തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളത്തിലെ സഹകരണമേഖല അഖിലേന്ത്യാ നിലവാരത്തേക്കാള്‍ മുന്നിലാണ്.

നിക്ഷേപ സമാഹരണം
സഹകരണ നിക്ഷേപ-വായ്പാമേഖലയില്‍ അത്ഭുതാര്‍ഹമായ ചലനം സൃഷ്ടിച്ച് 1976-ല്‍ ആരംഭിച്ചതാണ് നിക്ഷേപ സമാഹരണയജ്ഞം. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇത് നടത്തിയിരുന്നത്. സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് കൂടി വായ്പാസൗകര്യം ലഭിക്കുന്നതിന് അധികവിഭവ സമാഹരണം ആവശ്യമായിതീര്‍ന്നു. നിക്ഷേപ സമാഹരണത്തിന്റെ പ്രേരകശക്തി ഇത്തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധതയായിരുന്നു. 2010 മാര്‍ച്ച് മാസം നാം നടത്തിയത്, 31-ാമത് നിക്ഷേപ സമാഹരണയജ്ഞം ആയിരുന്നു. ഈ 31 നിക്ഷേപസമാഹരണയജ്ഞങ്ങളിലൂടെ 26495.14 കോടി രൂപ സമാഹരിക്കാനായത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതില്‍ 13332.95 കോടി രൂപ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ശേഖരിച്ചത്. 2007, 2008, 2009, 2010 വര്‍ഷങ്ങളിലെ മാര്‍ച്ച് മാസത്തിലെ നിക്ഷേപ സമാഹരണയജ്ഞത്തിലൂടെ ശേഖരിച്ച നിക്ഷേപത്തിന്റെ കണക്ക് താഴെ കൊടുക്കുന്നു.

വര്‍ഷം ലക്ഷ്യം നേട്ടം
28-ാമത് നിക്ഷേപ സമാഹരണയജ്ഞം 2007 മാര്‍ച്ച് 1000 1719.93
29-ാമത് നിക്ഷേപ സമാഹരണയജ്ഞം 2008 മാര്‍ച്ച് 1000 2928.03
30-ാമത് നിക്ഷേപ സമാഹരണയജ്ഞം 2009 മാര്‍ച്ച് 1250 4549.37
31-ാമത് നിക്ഷേപ സമാഹരണയജ്ഞം 2010 മാര്‍ച്ച് 1250 4135.62
ആകെ 4500 13332.൯൫

2002-ല്‍ 853.20കോടി രൂപ 2003-ല്‍ 914.08 കോടി രൂപ, 2004-ല്‍ 1304.07 കോടി രൂപ, 2005-ല്‍ 1305.38 കോടി രൂപ, 2006-ല്‍ 1539.55 കോടി രൂപ ശേഖരിച്ച സ്ഥലത്താണ് മേല്‍നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
സഹകരണനിക്ഷേപം കേരളീയം
സഹകരണ നവരത്‌നം കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവിയോടനുബന്ധിച്ച് എല്ലാവര്‍ഷവും നവംബര്‍ മാസം നിക്ഷേപ സമാഹരണമാസാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായി സഹകരണ നിക്ഷേപം കേരളീയം എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി പ്രമാണിച്ച് 2006 നവംബര്‍ മാസം 1 മുതല്‍ 2007 ജനുവരി 31 വരെ ഒരു നിക്ഷേപ സമാഹരണക്യാമ്പയിന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംഘടിപ്പിച്ചു. പ്രസ്തുത സംരംഭത്തിലൂടെ 1260.80 കോടി രൂപയുടെ അധികനിക്ഷേപം സമാഹരിക്കുന്നതിന് കഴിഞ്ഞു.

തുടര്‍ന്ന് അടുത്ത മൂന്നുവര്‍ഷം 'സഹകരണനിക്ഷേപം കേരളീയം' എന്ന ക്യാമ്പയിന്‍ വളരെ വിജയകരമായി നടത്തുന്നതിന് കഴിഞ്ഞു. 2007 നവംബര്‍ 1 മുതല്‍ 30 വരെ നടന്ന ക്യാമ്പയിനിയില്‍ 2906.59 കോടി രൂപയും, 2008 നവംബര്‍ 1 മുതല്‍ 30 വരെ നടന്ന ക്യാമ്പയിനില്‍ 2675.25 കോടി രൂപയും സമാഹരിച്ചു. 2009 നവംബര്‍ 1 മുതല്‍ നടന്ന കാമ്പയിനില്‍ 3803.03 കോടി രൂപയാണ് ശേഖരിച്ചത്. പട്ടിക താഴെക്കൊടുക്കുന്നു.

സഹകരണനിക്ഷേപം കേരളീയം (തുക കോടിയില്‍)
വര്‍ഷം ലക്ഷ്യം നേട്ടം
നിക്ഷേപ സമാഹരണം 2006 നവംബറില്‍ 1260.80
സഹകരണ നിക്ഷേപം കേരളീയം - 2007 2000 2906.59
സഹകരണ നിക്ഷേപം കേരളീയം - 2008 2000 2675.25
സഹകരണ നിക്ഷേപം കേരളീയം - 2009 2000 3803.03
ആകെ 6000 10645.67
നിക്ഷേപരംഗത്ത് വന്‍കുതിപ്പ്
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണ മേഖലയിലെ ആകെ നിക്ഷേപം 20287.23 കോടി രൂപയായിരുന്നു. ഇപ്പോള്‍ 65000 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നത് പ്രസ്താവ്യമാണ്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലഘട്ടത്തിലാണ് നാം ഈ നേട്ടം കൈവരിച്ചത് എന്നത് സഹകരണമേഖലയുടെ വിശ്വാസ്യതയ്ക്ക് മാറ്റുകൂട്ടുന്നു. 2006-07 മുതല്‍ 2009-2010 വരെയുള്ള നാലുസാമ്പത്തികവര്‍ഷങ്ങളില്‍ നിക്ഷേപ രംഗത്ത് ആകെയുണ്ടായ വര്‍ദ്ധനവ് 40846.92 കോടി രൂപയാണ്. അതില്‍ 23978.62 കോടി രൂപ ക്യാമ്പയിനിലൂടെ മാത്രം നേടിയ തുകയാണ്. പട്ടിക താഴെ കൊടുക്കുന്നു.

രണ്ട് നിക്ഷപപദ്ധതികളിലായി ഓരോവര്‍ഷവും
വര്‍ദ്ധിച്ച നിക്ഷേപ തുകകള്‍ (തുക കോടിയില്‍)
വര്‍ഷം ക്യാമ്പയിനിലെ വര്‍ദ്ധനവ് ആകെ വര്‍ദ്ധനവ്
2006-07 2980.73 8467.37
2007-08 5834.62 8887.39
2008-09 7224.62 10433.09
2009-2010 7938.65 13059.07
ആകെ 23978.62 40846.92

മെച്ചപ്പെട്ട പലിശനിരക്കാണ് നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്നത്. പരിശ നിര്‍ണ്ണയ കമ്മിറ്റി കൂടി ഡിപ്പോസിറ്റുകളുടെയും വായ്പകളുടെയും പലിശനിരക്ക് കാലാനുസൃതമായി പുനര്‍നിര്‍ണ്ണയിക്കുന്നു. നിക്ഷേപങ്ങള്‍ക്കുളള പലിശ വാണിജ്യ, സ്വകാര്യബാങ്കുകളെക്കാള്‍ കൂടുതലായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.

നിക്ഷേപ ബാക്കിനില്‍പ്പ് തുക കോടിയില്‍
വര്‍ഷം തുക
18052006 20287.23
31032007 28754.60
31032008 37641.99
31032009 48075.08
31032010 61134.15

ജനങ്ങള്‍ക്കാശ്വാസമായി വായ്പാമേഖല
സഹകരണമേഖലയിലൂടെ സമാഹരിക്കുന്ന നിക്ഷേപം കേരളത്തില്‍ തന്നെ കാര്‍ഷികമേഖലയിലും, ഉല്‍പാദനമേഖലയിലും, മറ്റ് സേവനമേഖലകളിലും ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതാണ് വാണിജ്യബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയിലെ നിക്ഷേപത്തിന്റെ പ്രത്യേകത. നിക്ഷേപത്തിന്റെ 92% വരെ വായ്പയായി നല്‍കാന്‍ കഴിയുന്നുവെന്നതും അഭിമാനകരമായ നേട്ടമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ 86% മാത്രമായിരുന്നു. അതാണിപ്പോള്‍ 92% മായി വര്‍ദ്ധിച്ചത്. ഷെഡ്യൂള്‍ഡ്, കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ കേരളത്തില്‍ 65.3% മാത്രമാണെന്ന് കാണുമ്പോഴാണ് കേരളത്തിലെ സഹകരണബാങ്കുകളുടെ സാമൂഹ്യപ്രതിബദ്ധത മനസ്സിലാക്കാന്‍ കഴിയുക. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ വായ്പായിനത്തില്‍ നല്‍കായിരുന്ന തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വായ്പയായി നല്‍കാന്‍ കഴിയുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
കേരളത്തിലെ സമസ്ത ജനവിഭാഗത്തിനും പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വായ്പാവശ്യങ്ങളുടെ നല്ലൊരു ശതമാനം സഹകരണമേഖലയിലൂടെ നിര്‍വ്വഹിക്കാന്‍ കിയുന്നുവെന്നത് ചാരിതാര്‍ത്ഥ്യമാണ്.

കാര്‍ഷിക വായ്പാനയം
സഹകരണ സംഘങ്ങള്‍ മുഖേനയുള്ള കാര്‍ഷിക വായ്പാവിതരണം സംബന്ധിച്ച് ഈ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കാര്‍ഷികമേഖലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കി. ഒരുവര്‍ഷം 5000 കോടി രൂപ കാര്‍ഷിക വായ്പ വിതരണം ചെയ്യാന്‍ സഹകരണബാങ്കുകളെ സജ്ജമാക്കി കഴിഞ്ഞു. ഇപ്പോള്‍ വിതരണം ചെയ്യുന്ന വായ്പ (1500-2000 കോടി രൂപയാണ്).

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷികവായ്പയ്ക്കുള്ള പലിശ 8.5%-9% ഉണ്ടായിരുന്നത് 5.5-6% ആയി കുറയ്ക്കുകയും ഇപ്പോള്‍ 7% ആയി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാര്‍ഷികവായ്പ യഥാര്‍ത്ഥ ആവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. കാര്‍ഷികവായ്പകള്‍ നല്‍കാത്ത കാര്‍ഷിക വായ്പാസംഘങ്ങളുടെ പദവി റദ്ദ് ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിതരണം ചെയ്ത കാര്‍ഷിക വായ്പ
വര്‍ഷം വിതരണം ചെയ്ത വായ്പ (കോടി രൂപയില്‍) ബാക്കിനില്‍പ്പ് (കോടി രൂപയില്‍)
2006-07 2102.02 3931.00
2007-08 1813.56 2936.14
2008-09 1872.90 3103.70
2009-10 2247.95 2816.34

വായ്പകളുടെ പലിശ ലോണ്‍ തുകയേക്കാള്‍ കൂടുതല്‍ വരികയാണെങ്കില്‍ ഈടാക്കുന്ന പലിശ ലോണ്‍ തുകയേക്കാള്‍ കൂടരുതെന്ന നിര്‍ദ്ദേശം നല്‍കിയതിലൂടെ വലിയ ആശ്വാസമാണ് വായ്പക്കാര്‍ക്ക് നല്‍കിയത്.
കൃഷി വായ്പകളിലും മറ്റ് വായ്പകളിലും നിരവധി സ്‌കീമുകള്‍ നടപ്പിലാക്കി തിരിച്ചടവ് പ്രോല്‍സാഹിപ്പിച്ചു. 2001-06 കാലഘട്ടങ്ങളില്‍ 199.02 കോടി രൂപയുടെ ആനുകൂല്യം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിനത്തില്‍ നല്‍കിയപ്പോള്‍ 2006-2010 കാലഘട്ടത്തില്‍ മാത്രം 400 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് നല്‍കി.
നെല്‍കൃഷിക്ക് ഇതരകൃഷികള്‍ക്കും പ്രോല്‍സാഹനം
നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും 4% നിരക്കില്‍ സഹകരണബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പദ്ധതി കേരള സംസ്ഥാനത്ത് നടപ്പിലാക്കി. പിന്നീട് രാജ്യത്ത് തന്നെ ആദ്യമായി നെല്‍കൃഷിക്ക് പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിതരണം ചെയ്ത നെല്‍കൃഷി വായ്പ
വര്‍ഷം വിതരണം ചെയ്ത തുക (കോടിയില്‍)
2006-07 89.65
2007-08 99.86
2008-09 94.36
2009-10 129.85

നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സഹകരണമേഖലയ്ക്കുളള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.
നെല്ല് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, നെല്ല് ഉല്‍പാദകസമിതികള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഇതിനായി വായ്പ നല്‍കി.

മംഗല്യസൂത്ര വായ്പകള്‍

നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനും ആര്‍ഭാടരഹിതങ്ങളായ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സഹകരണ വകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച “കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണ സംഘം” പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2008-2009) ഈ സംഘവും കേരളത്തിലെ മറ്റ് സഹകരണസംഘങ്ങളും കൂടി നിര്‍ദ്ധനരായ യുവതികളുടെ വിവാഹത്തിന് കുറഞ്ഞ പലിശയ്ക്ക് 9162800 രൂപ വായ്പ നല്‍കിയപ്പോള്‍ ഈ വര്‍ഷം (2009-2010) 47479025 രൂപ വായ്പ നല്‍കി.

വിദ്യാഭ്യാസ വായ്പ

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വായ്പ ല്‍ല്‍കുന്നതിന് ശക്തമായ ഇടപെടലാണ് സഹകരണവകുപ്പു നടത്തിയത്.

2001-06 കാലയളവിലെ 5 വര്‍ഷക്കാലം 4322.96 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്യ്തപ്പോള്‍ 2006-2010 കാലയളവിലെ നാലുവര്‍ഷംകൊണ്ട് മാത്രം 7633.24 രൂപ വിദ്യാഭ്യാസ വായ്പ വിതരണം ചെയ്തു. 2009-2010 ല്‍ മാത്രം 3078.99 ലക്ഷം രൂപ വിതരണം ചെയ്തു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ

വര്‍ഷം വിതരണം ചെയ്ത തുക (ലക്ഷത്തില്‍)
2006-07 1003.43
2007-08 1440.76
2008-09 2110.06
2009-10 3078.99
ആകെ നാലുവര്‍ഷം 7633.24
2005-06
(ആകെ 5 വര്‍ഷം
വിതരണം ചെയ്തത്) 4332.96
ഇ.എം.എസ് ഭവന വായ്പ
4000 കോടി രൂപ ഇ.എം.എസ് ഭവന വായ്പാപദ്ധതിയിലൂടെ സഹകരണബാങ്കുകള്‍ വായ്പ നല്‍കാന്‍ സഹകരണമേഖല സജ്ജമായി. 2009-2010-ല്‍ 361.20 കോടി രൂപ വിതരണം ചെയ്തു. 31-03-2010-ന് അത്രയും തുക ബാക്കിനില്‍പ്പുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള വായ്പ
എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്കുള്ള 25000 രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ എഴുതിതള്ളാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹകരണബാങ്കുകളില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ എടുത്ത വായ്പ ഈടാക്കേണ്ടതിണ്ടല്ലെന്ന് സഹകരണവകുപ്പ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 25000 ത്തിന് മുകളിലുള്ള വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കാനുള്ള നിര്‍ദ്ദേശവും പരിഗണിച്ചുവരുന്നു.

കൊപ്ര, നെല്ല് സംഭരണം
കേരളത്തിലെ സഹകരണസംഘങ്ങള്‍ വഴി കൊപ്രയും പച്ചതേങ്ങയും നെല്ലും സംഭരിക്കുന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോവുകയാണ്. നോഡല്‍ ഏജന്‍സികള്‍ വഴിയും സഹകരണസംഘങ്ങള്‍ വഴിയും കൊപ്ര ശേഖരിക്കുകയും അങ്ങനെ ശേഖരിക്കുന്ന കൊപ്ര നോഡല്‍ ഏജന്‍സികള്‍ വഴി നാഫെഡിനെ ഏല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. ശേഖരിക്കുന്ന പച്ച തേങ്ങ സംസ്‌കരിച്ച് കൊപ്രയാക്കി നാഫെഡിനെ ഏല്‍പ്പിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് സംഭരിക്കുന്ന നെല്ല് അവര്‍ തന്നെ അരിയാക്കി സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്.
ഇതുവരെയായി 15851.50 ടണ്‍ കൊപ്രയും 11214.87 ടണ്‍ പച്ച തേങ്ങയും സംഭരിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും സംഘങ്ങളും കൂടി 6874.25 ടണ്‍ നെല്ല് സംഭരിക്കുകയും അതില്‍ 4766.10 ടണ്‍ അരിയാക്കി മാറ്റി ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍

രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളീവല്‍ക്കരണ നയങ്ങള്‍ സംസ്ഥാനത്തുണ്ടാക്കി കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതങ്ങള്‍ പേറന്നതു സാധാരണക്കാരായ ജനങ്ങളാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹകരണമേഖല അതിശക്തമായ പങ്ക് വഹിക്കുകയുണ്ടായി. സഹകരണവിപണനം കേരളീയം പരിപാടിയുടെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടായപ്പോഴും ഈസ്റ്റര്‍, വിഷു, ഓണം, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളിലും കഴിഞ്ഞ 50 മാസക്കാലം കൊണ്ട്് 56000 വിലക്കയറ്റ വിരുദ്ധ ചന്തകള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ച് മാര്‍ക്കറ്റില്‍ സജീവമായി ഇടപെട്ടു. സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടിയും അല്ലാതെയും സാധനങ്ങള്‍ വിലക്കുറച്ച് വില്‍ക്കാന്‍ സാധിച്ചതു വഴി വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സഹകരണവകുപ്പിന് കഴിഞ്ഞിട്ടുണ്ട്്.
കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലൂടെ 15-02-2007 മുതല്‍ സഹകരണവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സഹകരണവിപണനം പദ്ധതിയിലൂടെ ഇതുവരെ 56000 വിപണനകേന്ദ്രങ്ങളിലൂടെ 32 ഓളം ഇനങ്ങളിലായി 700 കോടിയില്‍പ്പരം രൂപയുടെ വില്‍പ്പന നടന്നിട്ടുണ്ട്.

സഹകരണവിപണനംകേരളീയം പദ്ധതിയിലെ മേല്‍ വിലക്കയറ്റ വിരുദ്ധ ചന്തകള്‍ വന്‍ വിജയമായിരിന്നു. ഈ ചന്തകളില്‍ പൊതുമാര്‍ക്കറ്റിനേക്കാളും 80 ശതമാനം വിലക്കുറച്ച് സാധനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഈ സാമൂഹ്യ സുരക്ഷാ പദ്ധതി കൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായി നേട്ടം പൊതുജനങ്ങള്‍ക്കുണ്ടായി. പൊതുവിപണിയില്‍ 15 ശതമാനം മുതല്‍ 50 ശതമാനം വരെ കുറക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതതരായി. 240 കോടി രൂപയുടെ സാമ്പത്തികനേട്ടം ജനങ്ങള്‍ക്കുണ്ടായപ്പോള്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ പദ്ധതികള്‍ കൊണ്ട് കഴിഞ്ഞു.
നീതി സ്റ്റോറുകള്‍
സംസ്ഥാനത്താകെ ഇപ്പോള്‍ 774 നീതി സ്റ്റോരുകളാണ് നിലവിലുള്ളത്. ഉത്സവ കാലചന്തകള്‍ വിജയിപ്പിക്കുന്നതിന് സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ നല്ല പങ്ക് വഹിക്കുന്നുണ്ട്. ഈ നീതി സ്റ്റോറുകള്‍ കൂടുതല്‍ സജീവമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 119 നീതി സ്‌റ്റോറുകളാണ് അനുവദിച്ചത്.

നീതി മെഡിക്കല്‍ സ്‌കീം
പൊതുജനങ്ങള്‍ക്കു ന്യായവിലയ്ക്ക് മരുന്നുകള്‍ വിതരണം ചെയ്യാന്‍ സഹകരണ മേഖലയില്‍ 1998-99 ആരംഭിച്ചതാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍. കണ്‍സ്യൂമര്‍ ഫെഡും, സഹകരണസംഘങ്ങളും നീതി മെഡിക്കല്‍സ്റ്റോറുകള്‍ നടത്തുന്നുണ്ട്. 12 ശതമാനം മുതല്‍ 40 ശതമാനം വിലകുറച്ച് ജീവന്‍രക്ഷാ ഔഷധങ്ങള്‍ സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. തുടക്കത്തില്‍ 100 മെഡിക്കല്‍സ്റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടതും ആരംഭിച്ചതും.
ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം 222 നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. ഇതില്‍ 138 എണ്ണം 2009-2010-ല്‍ ആരംഭിച്ചതാണ്. ഇപ്പോള്‍ സംസ്ഥാനത്താകെ 348 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.
ഓരോ പഞ്ചായത്തിലും നീതിമെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത ഒരുവര്‍ഷം കൊണ്ട് നീതിമെഡിക്കല്‍സ്റ്റോറുകളുടെ എണ്ണം 500 ആക്കാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

കണ്‍സ്യൂമര്‍ഫെഡ് - ഒരു വിജയഗാഥ
1965-ല്‍ പ്രവര്‍ത്തനമാരംഭിച്ച കണ്‍സ്യൂമര്‍ ഫെഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഇന്ന് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ ആശ്വാസകേന്ദ്രമായിമാറി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. വന്‍ നഗരങ്ങളില്‍ മെഗാ മാര്‍ക്കറ്റുകളും ചെറു നഗരങ്ങളില്‍ ലിറ്റില്‍ ത്രിവേണി സ്റ്റോറുകളും ആരംഭിക്കുക എന്ന തന്ത്രമാണ് നടപ്പിലാക്കിയത്. ഇവിടങ്ങളില്‍ പൊതുവിപണിയേക്കാള്‍ പത്ത് ശതമാനം വില കുറച്ച് നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്തുവരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ടുക്കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കുനല്‍കി ആശ്വാസം പകരുന്നതിന് ഒഴുകുന്ന ത്രിവേണി ആരംഭിച്ചു. ലോകത്തിലെതന്നെ ആദ്യത്തെ ഒഴുകുന്ന സൂപ്പര്‍മാര്‍ക്കറ്റാണിത്. കൊല്ലം നഗരത്തില്‍ മൊബൈല്‍ ത്രിവേണി ആരംഭിച്ചതു വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ പുതിയ വ്യാപാരമേഖലയാണ് ഹോട്ടല്‍ വ്യാപാര മേഖല. ത്രിവേണി കോഫി ഹൗസുകള്‍ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ക്യാമ്പസിലും, എറണാകുളം ഗാന്ധി നഗറിലും, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും ആരംഭിച്ചു. കൊച്ചി നഗരത്തില്‍ ആദ്യമായി ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി. കണ്‍സ്യൂമര്‍ ഫെഡ് നോട്ട് ബുക്ക് നിര്‍മാണം, കറിപൗഡര്‍ നിര്‍മാണം, എല്‍.പി.ജി. ബോട്ടലിങ് യൂണിറ്റ്, വിദേശ മദ്യഷോപ്പ്, ബിയര്‍ഷോപ്പ് എന്നീ മേഖലകളിലും വ്യാപാരം നടത്തുന്നുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആകെ 57 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയുണ്ടായി. 2009-2010-ല്‍ മാത്രം 23 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. ഇപ്പോള്‍ സംസ്ഥാനത്താകെ 116 ത്രിവേണി സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു.

സഹകരണ വിദ്യാഭ്യാസം കേരളീയം - സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസം
സര്‍ക്കാര്‍ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ സ്വാശ്രയസംരംഭങ്ങളെ വിഭാവന ചെയ്തതും ആരംഭിച്ചതും. സര്‍ക്കാരുമായുണ്ടാക്കിയ കരാറുകള്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ കാറ്റില്‍ പറത്തുവാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് സഹകരണമേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കം. സഹകരണമേഖലയിലെ പ്രൊഫഷണല്‍ കോളേജുകളെ പരാമര്‍ശിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്ന പേരാണ് പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്. സഹകരണ വകുപ്പുമന്ത്രി ജി.സുധാകരന്‍ ചെയര്‍മാനായ ഗവേണിങ് ബോഡിയാണ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഭരണനിര്‍വഹണം നടത്തുന്നത്.
'കേപ്പ്' എന്ന കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എജ്യൂക്കേഷന്‍ ഇതിനോടകം ആര്‍ജിച്ച നേട്ടങ്ങള്‍ അതുല്യമാണ്. കേപ്പിന്റെ ഗവേണിങ് ബോഡി ചെയര്‍മാന്‍ സംസ്ഥാന മുഖ്യമന്ത്രിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സഹകരണമന്ത്രിയുമാണ്. മുന്‍സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനാണ് കേപ്പ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. കേരളത്തിലെ പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന് കൈത്താങ്ങായി കേപ്പ് ഉയര്‍ന്നുവരികയാണ്. ഇപ്പോള്‍ കേപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും കൂടി 8358 കുട്ടികള്‍ വിദ്യ തേടുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലപ്പുഴയിലെ പുന്നപ്രയില്‍ എഞ്ചിനീയറിംഗ് കോളേജും, എം.ബി.എ കോളേജും, ഫിനിഷിംഗ് സ്‌കൂളും കേപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. ആറന്മുളയിലും പത്തനാപുരത്തും എഞ്ചിനീയറിംഗ് കോളേജും പറവൂര്‍ എം.ബി.എ കോളേജും ആരംഭിക്കാനുള്ള നടപടിയായി. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ബിഎസ്.സി നേഴ്‌സിംഗ് കോളേജ് ആരംഭിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ 12 എച്ച്.ഡി.സി.എം കോളേജുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ കോളേജുകളില്‍ എല്ലാമായി 1600 കുട്ടികള്‍ പഠിക്കുന്നു. 13 കേന്ദ്രങ്ങളില്‍ ജെ.ഡി.സി. കോഴ്‌സുകള്‍ നടത്തുന്നു. ഇവിടെ 1548 കുട്ടികള്‍ പരിശീലനം നേടുന്നു. തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന് സമീപമുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 'കിക്മ' എന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനം ഈ വര്‍ഷം ആരംഭിച്ചു. ഇവിടെഎം.സി.എ കോഴ്‌സിന് അനുവാദം കിട്ടിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍, സഹകരണസംഘം ഭാരവാഹികള്‍ എന്നിവര്‍ക്കും പരിശീലന കോഴ്‌സ് നടത്തിവരുന്നു.
'സഹകരണ നവരത്‌നം കേരളീയം' പദ്ധതിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സഹകരണ വിദ്യാഭ്യാസ കേരളീയം, പുതിയ സ്ഥാപനങ്ങള്‍ സഹകരണമേഖലയില്‍ ആരംഭിക്കുക എന്നതിനോടൊപ്പം നിലവിലുള്ള സ്ഥലങ്ങളില്‍ പുതിയ കോഴ്‌സുകള്‍ക്ക് തുടക്കം കുറിക്കുക എന്ന ദ്വിമുഖ പരിപാടിയാണ് ഇപ്പോള്‍ നടപ്പാക്കിവരുന്നത്. ഇതോടനുബന്ധിച്ച് 19 സ്ഥാപനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റു 13 ഇടങ്ങളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇപ്പോള്‍ സംസ്ഥാനത്താകെ 36 പ്രൊഫഷണല്‍ കോഴ്‌സുകളോ നവീന കോഴ്‌സുകളോ നടത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സഹകരണ സാമൂഹ്യം കേരളീയം - എസ്.പി.സി.എസ് പുനരുദ്ധാരണം
സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിത്യവിസ്മയമാണ് സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം. 65 വര്‍ഷം മുമ്പ് രൂപപ്പെടുത്തിയ സാഹിത്യകാരന്മാരുടെ കൂട്ടായ്മ ഏഷ്യയിലെ തന്നെ ആദ്യാനുഭവമാണ്. സാഹിത്യരംഗത്തെ ആചാര്യന്‍മാര്‍ തന്നെയായിരുന്നു നവ്യാനുഭൂതി സൃഷ്ടിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും അമരത്ത്. സംഘം അടച്ചുപൂട്ടല്‍ നേരിട്ട ഘട്ടത്തില്‍ 1996-ല്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ ചില ആശ്വാസ നടപടികള്‍ കൈക്കൊണ്ടു. 2001-ന് ശേഷം അത് തുടരാനായില്ല. 2006-ല്‍ സംഘത്തെ രക്ഷപ്പെടുത്താനുള്ള കര്‍മപദ്ധതി 'സഹകരണ സാമൂഹ്യം കേരളീയം' പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കി.

വര്‍ഷങ്ങളായി എഴുത്തുകാര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന റോയല്‍റ്റി കുടിശ്ശിക വിതരണം ചെയ്തു. 2007 ഒക്‌ടോബര്‍ 30ന് കോട്ടയത്തുവച്ചായിരുന്നു അതിന് തുടക്കം കുറിച്ചത്. ഒരൊറ്റ ദിവസംകൊണ്ട് 316 എഴുത്തുകാര്‍ക്ക് 40.81 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ റോയല്‍റ്റി ഏറ്റുവാങ്ങുമ്പോള്‍ പഴയ തലമുറയില്‍പ്പെട്ട എഴുത്തുകാരുടെ ഹൃദയം നിറഞ്ഞു. തുടര്‍ന്ന് കൊടുക്കാനുണ്ടായിരുന്ന റോയല്‍റ്റി കുടിശ്ശിക 2.17 കോടി രൂപയടക്കം ആകെ 2.50 കോടി രൂപ കൊടുത്തു തീര്‍ത്തു. അതിനുശേഷം തുടര്‍ച്ചയായി റോയല്‍റ്റി കൊടുത്തുവരുന്നു. അഡ്വാന്‍സു റോയല്‍റ്റി നല്കുന്ന പദ്ധതിയും നടപ്പിലാക്കി കഴിഞ്ഞു.
പുസ്തക പ്രസിദ്ധീകരണം
2010 ഡിസംബറിനകം 500 പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ലക്ഷ്യമിട്ടത് 2009 ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കി. ശബ്ദതാരാവലി പോലുള്ള ബൃഹത് ഗ്രന്ഥങ്ങളുടെ പല പതിപ്പുകള്‍ ഈ കാലയളവില്‍ പ്രസിദ്ധം ചെയ്തു. സമ്പൂര്‍ണകൃതികള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍, വിശ്വോത്തര ക്ലാസിക്കുകള്‍ തുടങ്ങി ആയിരക്കണക്കിന് പുറങ്ങള്‍ വലിപ്പമുള്ള ഗ്രന്ഥങ്ങള്‍ സമയബന്ധിതമായി പ്രകാശനം ചെയ്തു. 2010 ഡിസംബറോടെ 500 പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിച്ച് ആയിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി.

ശമ്പളം, ഗ്രാറ്റുവിറ്റി, പി.എഫ് കുടിശ്ശിക
സാമ്പത്തിക പരാധീനത മൂലം എസ്.പി.സി.എസ്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ല. പി.എഫ്., ഗ്രാറ്റുവിറ്റി എന്നിവയും കുടിശ്ശികയായിരുന്നു. ഇപ്പോള്‍ ശമ്പളകുടിശ്ശിക മുഴുവന്‍ തുകയും കൊടുത്തുതീര്‍ത്തു. പി.എഫ്. കുടിശ്ശിക പടിപടിയായി കൊടുത്തുതീര്‍ത്തുവരികയാണ്. ഗ്രാറ്റുവിറ്റി കുടിശ്ശികയും കൊടുത്തുതീര്‍ത്തുകൊണ്ടിരിക്കുന്നു. 23 വര്‍ഷത്തിനുശേഷം എസ്.പി.സി.എസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ചു. വളരെ നാളുകളായി മുടങ്ങിക്കിടന്ന എസ്.പി.സി.എസ്സിന്റെ എന്‍.ബി.എസ്. ബുള്ളറ്റിന്‍ പുനഃപ്രസിദ്ധീകരിച്ചു.
സഹകരണസംഘങ്ങളില്‍ ലൈബ്രറി
“സഹകരണ സാമൂഹ്യം കേരളീയ”ത്തിന്റെ ഭാഗമായി വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുക, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള സഹകാരി സമൂഹത്തെ ഈ സംസ്‌കാരത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ സഹകരണ സ്ഥാപനങ്ങളിലും ലൈബ്രറി ആരംഭിക്കുവാന്‍ തീരുമാനിച്ചു. 2274 സഹകരണസംഘങ്ങളില്‍ ലൈബ്രറി നിലവില്‍ വന്നുകഴിഞ്ഞു. സഹകരണ ലൈബ്രറികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും സഹകരണ ലൈബ്രറികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് 2009 ജൂണ്‍ മാസത്തില്‍ സഹകരണ ലൈബ്രറി കോണ്‍ഗ്രസ് സംഘടിപ്പിച്ചു.

തകഴി സ്മാരകമന്ദിരം
കോട്ടയത്ത് എസ്.പി.സി.എസ് ആസ്ഥാനത്തോടനുബന്ധിച്ച് തകഴി സ്മാരകമായി ഒരു ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതിന് ലോട്ടറി ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ നല്‍കി. മന്ദിരം പണി പൂര്‍ത്തിയായി കഴിഞ്ഞു.
കുടിശികനിവാരണം കേരളീയം
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഭുരിപക്ഷം പ്രാഥമിക സഹകരണബാങ്കുകളും നഷ്ടത്തിലായിരുന്നു. കുടിശിക പിരിച്ചെടുത്തും, ഭരണ ചെലവ് കുറച്ചും അതിശക്തമായ സാമ്പത്തിക അച്ചടക്കം പാലിച്ചും 102 പ്രാഥമിക സഹകരണബാങ്കുകളെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. വരുന്ന 10 മാസം കൊണ്ട് മഹാഭൂരിപക്ഷം പ്രാഥമിക സഹകരണബാങ്കുകളെയും ലാഭത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശം.
കുടിശിക കുറച്ച് കൊണ്ടുവരാനായി എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തില്‍ കുടിശിക നിവാരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. 2007-08, 2008-09 ഫെബ്രുവരി മാസങ്ങളില്‍ നടത്തിയ ക്യാമ്പയിനിലൂടെ 2362.81 കോടി രൂപ കുടിശിക (നിഷ്‌ക്രീയആസ്തി) പിരിച്ചെടുത്തു. 2007-08-ല്‍ 1290.19 കോടി രൂപയും, 2008-09-ല്‍ 1072.62 കോടി രൂപയും 2009-2010-ല്‍ 2815.30 കോടി രൂപയുമാണ് പിരിച്ചെടുത്തത്. മൊത്തം കുടിശികയുടെ 40 ശതമാനമാണിത്. 2001-06 ല്‍ ശരാശരി 888 കോടി രൂപ കുടിശിക പിരിച്ചെടുത്തപ്പോഴാണ് ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്.
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 9810.90 കോടി രൂപ കുടിശിക ഉണ്ടായിരുന്നത് (30.14%) 2006-07-ല്‍ 7512.15 കോടി രൂപയും (22.38%) 2007-08-ല്‍ 6091.27 കോടി രൂപയും (18.22%) 2008-09-ല്‍ 5384.56 കോടി രൂപയും (15.89%) ആയി കുറഞ്ഞു. 31-03-2010-ലെ കുടിശിക ശതമാനം 20.17 ശതമാനമാണ്. പട്ടിക കാണുക

വര്‍ഷം കുടിശികനില്‍പ്പ് (കോടി രൂപയില്‍) ശതമാനം
2005-06 9810.90 30.14
2006-07 7512.10 22.38
2007-08 6091.27 18.22
2008-09 5384.56 15.89
2009-10 7729.75 20.17

അഴിമതി നിര്‍മാര്‍ജനം കേരളീയം
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സഹകരണ മേഖലയുടെ സ്ഥിതി ഭയാനകമായിരുന്നു. നിരവധി സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം അഴിമതിക്കെതിരായ തുറന്ന പോരാട്ടം തന്നെയായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഹകരണസ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയത്. സഹകരണമേഖലയിലെ അഴിമതി സംബന്ധിച്ച് 200 വിജിലന്‍സ് കേസുകള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ രംഗത്ത് സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി ജനങ്ങള്‍ക്ക് പ്രസ്ഥാനത്തിലെ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്.
സഹകരണമേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനായി സഹകരണ വിജിലന്‍സ് വിഭാഗം രൂപീകരിച്ചു. ഡി.ഐ.ജി.യുടെ കീഴില്‍ മൂന്ന് മേഖലകളിലായി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മേഖല ഓഫീസുകള്‍ തുറന്നു. വിജിലന്‍സ് ഓഫീസര്‍ക്ക് ലഭിച്ച 143 പരാതികളില്‍ 62 എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

സഹകരണ ആരോഗ്യം കേരളീയം
പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണാശുപത്രികള്‍ സ്ഥാപിച്ചത്. കേരളത്തിലാകെ 140 സഹകരണാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിയാരം സഹകരണ മെഡിക്കല്‍കോളേജ്, കൊച്ചി, സഹകരണ മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രി എന്നിവ ഇവയില്‍ ചിലതാണ്. ഈ ആശുപത്രികളിലെല്ലാം വന്‍വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2009-2010-ല്‍ കേരളത്തിലെ സഹകരണാശുപത്രികളില്‍ 3161602 രോഗികള്‍ ഒ.പിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ഐ.പിയില്‍ ഇതേവര്‍ഷം തന്നെ 777804 രോഗികളെ അഡ്മിറ്റ് ചെയ്തു.

അപ്പക്‌സ് ഫെഡറേഷനുകള്‍
അപ്പെക്‌സ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വനിതാ സഹകരണസംഘങ്ങള്‍ അതിന്റെ അപ്പെക്‌സ് ഫെഡറേഷന്‍, എസ്.സി/എസ്.ടി സഹകരണസംഘങ്ങള്‍ അതിന്റെ ഫെഡറേഷന്‍, ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പരിപാടികള്‍ ആവിഷ്‌കരിച്ചു. സഹകരണം നവരത്‌നം ലോട്ടറി ഫണ്ടില്‍ നിന്നും ആവശ്യമായ സഹായധനം നല്‍കി.
സംസ്ഥാന സഹകരണബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയ അപ്പെക്‌സ് സ്ഥാപനങ്ങളെ പുരോഗതിയിലേക്ക് നയിച്ചു.
റബ്‌കോ, റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കി.
ഡയറക്ടര്‍ ഓഫ് ഓഡിറ്റ്
സഹകരണസംഘങ്ങളുടെ ഓഡിറ്റിന് പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇതുവഴി ഓഡിറ്റ് വിഭാഗം ശക്തിപ്പെടുകയാണ്.

സഹകരണ നിയമഭേദഗതി
സഹകരണ നിയമത്തില്‍ സമഗ്രമായ ഭേദഗതി 2010 മാര്‍ച്ച് മാസം നിയമസഭ പാസ്സാക്കിയിരിക്കുകയാണ്. സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ വിനിതകള്‍ക്ക് മൂന്ന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു. വികലാംഗര്‍ക്ക് നിയമനങ്ങളില്‍ മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സഹകരണസ്ഥാപനങ്ങളുടെ ധനം അപഹരിച്ചാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നു. 2000-ന് ശേഷം നടത്തുന്ന സമഗ്രമായ ഭേദഗതിയാണ് ഇത്.
അഖിലേന്ത്യാ സഹകരണ എക്‌സിബിഷന്‍
രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ മേഖല പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും ജനഹൃദയങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവനന്തപുരത്ത് 2009 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 9 വരെ സംഘടിപ്പിച്ച അഖിലേന്ത്യാ സഹകരണ എക്‌സിബിഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 70ല്‍പ്പരം സഹകരണസ്ഥാപനങ്ങള്‍ ഒരുക്കിയ 184 പവലിയനുകള്‍ മേളയുടെ സവിശേഷതയായിരുന്നു.

സഹകരണ റിസ്‌ക്ഫണ്ട് സ്‌കീം
സഹകരണ വായ്പാസംഘങ്ങളില്‍ നിന്നും വായ്പയെടുക്കുന്നവര്‍ക്ക് ആശ്വാസമായി സഹകരണ റിസ്‌ക്ഫണ്ട് എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഇതുപ്രകാരം വായ്പക്കാരന്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണമടയുകയാണെങ്കില്‍ ഒരുലക്ഷം രൂപ വരെയുള്ള ബാധ്യതയില്‍ നിന്നും വായ്പക്കാരനെ ഒഴിവാക്കുന്നതാണ്. ഇതിന് പ്രീമിയമായി പരമാവധി 200 രൂപ അടച്ചുകൊണ്ട് റിസ്‌ക് ഫണ്ട് പദ്ധതിയില്‍ വായ്പക്കാരന്‍ അംഗമായി ചേര്‍ന്നാല്‍ മതി. ഈ പദ്ധതി പ്രകാരം വായ്പക്കാരന്‍ മരണപ്പെടുകയും അനന്തരാവകാശികള്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ഇതൊരു വലിയ അനുഗ്രഹമാണ്.
സഹകരണ കോണ്‍ഗ്രസ്
2007 ഒക്ടോബറില്‍ എറണാകുളത്ത് നടത്തിയ സഹകരണ കോണ്‍ഗ്രസ് വന്‍വിജയമായിരുന്നു. 3000 പ്രതിനിധികള്‍ പങ്കെടുത്ത സഹകരണ കോണ്‍ഗ്രസിന്റെ തീരുമാനങ്ങളില്‍ ഭൂരിഭാഗവും നടപ്പില്‍ വരുത്തിക്കഴിഞ്ഞു.
പ്ലാണ്‍ഫണ്ട്
കഴിഞ്ഞ നാലുവര്‍ഷങ്ങളിലും പ്ലാന്‍ഫണ്ടിന്റെ 90 ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പുതിയ സംഘങ്ങളുടെ റജിസ്‌ട്രേഷന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 563 സഹകരണസംഘങ്ങള്‍ കേരളത്തിലാകെ റജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 2009-2010-ല്‍ 96 സഹകരണസംഘങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്.
സഹകരണ നവരത്‌നം ലോട്ടറി ഫണ്ട്
പിന്നോക്കം നില്‍ക്കുന്ന സഹകരണസംഘങ്ങളുടെ പുനരുദ്ധാരണത്തിനും അശരണരരായ സഹകാരികളെ സഹായിക്കുന്നതിനും പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കുന്നതിനും മറ്റുമായി സഹകരണവകുപ്പ് നടത്തിയ ലോട്ടറി വന്‍വിജയമായിരുന്നു. 33 കോടി രൂപ വരവുണ്ടായപ്പോള്‍ 15.80 കോടി രൂപ ചെലവ് കഴിച്ച് മിച്ചമുണ്ടായി.
ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍
സംസ്ഥാന-ജില്ലാ സഹകരണബാങ്ക് ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ അനുവദിച്ചു. പരമാവധി പെന്‍ഷന്‍ 10000 രൂപ ഉണ്ടായിരുന്നത് 15000 രൂപയായി വര്‍ദ്ധിപ്പിച്ചു. സഹകരണമേഖലയിലെ വിവിധ മേഖലകളിലെല്ലാം തന്നെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിച്ചു. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍, കേപ്പ്, പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, ഹോള്‍സെയില്‍ സ്റ്റോര്‍ ജീവനക്കാര്‍, റെയ്ഡ്‌കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവരുടെ വേതന ഘടന പരിഷ്‌കരിച്ചു. മറ്റിടങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. വെല്‍ഫെയല്‍ ബോര്‍ഡ്, പെന്‍ഷന്‍ ബോര്‍ഡ് എന്നിവയ്ക്ക് കീഴില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
സഹകരണ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആദ്യമായി 50 രൂപ പ്രതിമാസം മെഡിക്കല്‍ അലവന്‍സ് അനുവദിച്ചു. ഫെസ്റ്റിവെല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ചു.