സാംസ്‌കാരിക യുദ്ധത്തിന് തൊഴിലാളി വര്‍ഗ്ഗം സജ്ജമാകണം - വി.പി.രാമകൃഷ്ണപിള്ള



'സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍' എന്ന മുദ്രാവാക്യം സചേതനമാവേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമാണ്. ആഗോളവല്‍ക്കരണത്തിന്റെ ചൂഷണത്തില്‍ പടുകുഴിയിലകപ്പെട്ട സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ട് തൊഴിലാളി വര്‍ഗ്ഗം ഉയര്‍ത്തെഴുന്നേല്‍ക്കണം. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ചിക്കാഗോയില്‍ നടന്ന സമരം വിജയചരിത്രം രചിച്ചു.
സാമ്രാജ്യത്വ ഭീകരതയും മതഭീകരതയും ലോകസമാധാനത്തെ തകിടം മറിക്കുമ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള ചാലകശക്തിയാവേണ്ടത് തൊഴിലാളി വര്‍ഗ്ഗമാണ്. പട്ടിണിയും കൊടിയ ദാരിദ്ര്യവും അനുഭവിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിന് സാമ്രാജ്യത്വ ഭീകരതയോ മതഭീകതരതയോ സഹായമാവുകയില്ല. മുതലാളിത്തത്തിന്റെ മൂര്‍ത്തരൂപമായ സാമ്രാജ്യത്വവും സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പന്നമായ മതഭീകരതയും കൊമ്പുകോര്‍ക്കുമ്പോള്‍ തിക്താനുഭവം നേരിടേണ്ടിവരുന്നത് തൊഴിലാളിവര്‍ഗ്ഗത്തിനാണ്.

ലോകരാഷ്ട്രത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം ഉപയുക്തമായ രീതിയില്‍ തൊഴിലാളിവര്‍ഗ്ഗം സ്വാംശീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയാല്‍ മാത്രമേ ലോകത്തുള്ള എല്ലാ തൊഴിലാളി വിഭാഗവും ഒരു നൂലില്‍ കോര്‍ത്ത മുത്തുകളാണെന്ന ചിന്ത തൊഴിലാളി സമൂഹത്തില്‍ ആഴ്ന്നിറങ്ങുകയുള്ളൂ. അതിനനുസരിച്ചുള്ള രാഷ്ട്രീയസാഹചര്യം ലോകത്ത് വളര്‍ന്നുവരുന്നതിന് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു വേദി രൂപീകരിക്കാന്‍ തൊഴിലാളിവര്‍ഗ്ഗ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചാരം ലഭിച്ച സാഹചര്യത്തില്‍ സര്‍വ്വരാജ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഒരു വേദി രൂപീകരിക്കുന്നതിനുള്ള പരിശ്രമത്തിന് തുടക്കം കുറിക്കാന്‍ കാലതാമസം വരുത്തേണ്ടതില്ല. ലോകത്താകെയുള്ള തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ അതാത് രാജ്യത്തിന്റെ ചരിത്രപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാംസ്‌കാരികവും നവോത്ഥാനപരവുമായ അസ്ഥിത്വം വികസിപ്പിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിലേക്ക് കടന്നാല്‍ സാമ്രാജ്യത്വഭീകരതയും മതഭീകരതയും വീണ്ടും തളിരിടില്ല.

സോവിയറ്റ് യൂണിയനെയും പിന്നീട് ചൈനയെയും ചൂണ്ടിക്കാണിച്ചുള്ള രാഷ്ട്രീയമല്ല തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. കമ്മ്യൂണിസമോ സോഷ്യലിസമോ പ്രാവര്‍ത്തികമാക്കിയ ഭരണകൂടം ഇവിടെയുണ്ടായി എന്നുപറയുന്നത് ശരിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലേറി എന്നതുമാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അധികാരത്തില്‍ വരുക എന്നതുമാത്രമല്ല സോഷ്യലിസത്തിലേക്കും അവിടെ നിന്ന് കമ്മ്യൂണിസത്തിലേക്കും രാഷ്ട്രത്തെ നയിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെ ചരിത്രപരായ കടമ. അത് പ്രാവര്‍ത്തികമാകാത്തിടത്തോളം കാലം തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ല.
കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവര്‍ക്കു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ മറ്റൊരു താത്വിക ആചാര്യനെയോ പ്രയോക്താവിനെയോ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്നില്ല. കാലാകാലങ്ങളില്‍ ഉയരുകയും താഴുകയും ചെയ്യുന്ന തരത്തിലുള്ള പിന്‍ഗാമികളെയാണ് നാം പിന്നീട് കണ്ടത്. പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും നിലനില്‍പ്പും എന്നതിലേക്ക് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചുരുക്കിയതിന്റെ അടിസ്ഥാനത്തിലിത് സംഭവിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രമെന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ സ്വഭാവത്തില്‍ ചിത്രീകരിച്ച മുതലാളിത്തം ഒരു പരിധിവരെ വിജയിച്ചു. ഇതിന് മാറ്റം ഉണ്ടാവണമെങ്കില്‍ മനുഷ്യന്റെ ഭൗതികജീവിതത്തെ വിലമതിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ തൊഴിലാളിവര്‍ഗ്ഗം സ്വായത്തമാക്കുന്നതിന് ഇന്നത്തേതില്‍ നിന്നും ഭാഷാപരമായി ലളിതവല്‍ക്കരിച്ച് അവര്‍ക്കുമുന്നില്‍ എത്തിക്കേണ്ടതുണ്ട്. അതിന് സാധ്യമായ വഴി ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം കടന്നുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം ലോകത്തുള്ള തൊഴിലാളിവര്‍ഗ്ഗത്തെ ബോധ്യപ്പെടുത്തുകയെന്നുള്ളതാണ്. ലോകത്താകെയുള്ള തൊഴിലാളിവര്‍ഗ്ഗം മുന്നേറി മതഭീകരതയെയും സാമ്രാജ്യത്വത്തെയും തോല്‍പ്പിക്കുന്നതിന് ഒരു സാംസ്‌കാരികയുദ്ധത്തിന് തൊഴിലാളിവര്‍ഗ്ഗം സജ്ജമാകണം.