ഫിഷറീസ് വകുപ്പില്‍ നടപ്പാക്കിയ പദ്ധതികള്‍


മത്സ്യ മേഖലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. മത്സ്യമേഖലയുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് കഴിഞ്ഞു. ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ മത്സ്യമേഖലയില്‍ ഉണ്ടായിട്ടുള്ളത്. മത്സ്യ വകുപ്പിനെ വേറിട്ടു നില്‍ക്കുന്ന ഒരു പ്രധാന വകുപ്പായി വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞു. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും ഫിഷിംഗ് ഹാര്‍ബറുകള്‍, ഫിഷറീസ് റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും ഫിഷറീസ് സര്‍വ്വകലാശാല, അക്വാപാര്‍ക്ക്, ഓഷ്യനേറിയം തുടങ്ങിയ പുതിയ മേഖലകളിലേയ്ക്ക് പ്രവേശിക്കുന്നതിനും ഈ കാലയളവില്‍ കഴിഞ്ഞു.
1. മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സുപ്രധാനമായ നാല് നിയമനിര്‍മ്മാണങ്ങള്‍ മത്സ്യമേഖലയില്‍ നടപ്പിലാക്കി. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം ഉറപ്പു വരുത്തുന്ന ഉപരിതല മത്സ്യബന്ധന സംരക്ഷണ നിയമം, മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സെസ്സ് നിയമം, മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കുന്നതിനുള്ള കേരള മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം, ഏകീകൃത ഉള്‍നാടന്‍ മത്സ്യബന്ധന നിയമം എന്നിവയാണവ.

2. കടാശ്വാസം
ഇടത്തട്ടുകാരുടെ ചൂഷണത്തിലും കടബാധ്യതയിലുംപ്പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതി തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ പ്രകാരം കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്നു. കടാശ്വാസ കമ്മീഷന്റെ ആദ്യ ശുപാര്‍ശ പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഹഡ്‌കോയില്‍ നിന്നും മത്സ്യഫെഡ് മുഖേന വാങ്ങിയിട്ടുള്ള ഭവന നിര്‍മ്മാണ വായ്പാ കുടിശ്ശികയായ 11.82 കോടി രൂപ എഴുതി തള്ളാനും വായ്പക്ക് ഈടുവെച്ചിരുന്ന ആധാരങ്ങള്‍ തിരിച്ചു നല്കാനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 10,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. കൂടാതെ മത്സ്യബന്ധനോപകരണങ്ങള്‍ക്കായി എന്‍.സി.ഡി.സി വഴി മത്സ്യഫെഡ് നല്‍കിയ 115.04 കോടി രൂപയുടെ വായ്പയും എഴുതി തള്ളുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതു വഴി 48,355 മത്സ്യത്തൊഴിലാളികള്‍ക്ക് കടത്തില്‍ നിന്ന് മോചനം ലഭിച്ചു. സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി തീരദേശത്തെ മത്സ്യഫെഡിന്റെ കീഴിലുള്ള സഹകരണ സംഘങ്ങള്‍ വഴി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പദ്ധതി പ്രകാരം നല്‍കിയ മത്സ്യബന്ധനോപകരണങ്ങള്‍ക്കായുള്ള വായ്പകള്‍, മത്സ്യത്തൊഴിലാളി ക്ഷേമ സംഘങ്ങളിലെ ഇത്തരം വായ്പകള്‍, സുനാമി ദുരന്തം സംഭവിച്ച ജില്ലകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യബന്ധനോപകരണങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ എന്നിവ എഴുതി തള്ളാനും നടപടി സ്വീകരിച്ചു. രണ്ടാം ഘട്ടമായി സഹകരണ സംഘങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളില്‍ 254 കോടി രൂപ എഴുതി തള്ളാനും തീരുമാനിച്ചു. 60,000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രണ്ടു ഘട്ടങ്ങളിലുമായി 380.82 കോടിരൂപയുടെ ആശ്വാസമാണ് ലഭിക്കുന്നത്. 1,20,000 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. ദേശസാത്കൃത ബാങ്കുകളില്‍ നിന്നുള്ള കടാശ്വാസത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

3. വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ
വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് മത്സ്യവില്പന നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ആശ്വാസമായി ആളൊന്നിന് 5,000 രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കി 27,700 പേര്‍ക്ക് 13.84 കോടി രൂപയുടെ പലിശ രഹിത വായ്പ ഇതുവരെ അനുവദിച്ചിട്ടുണ്ട്. മത്സ്യമേഖലയിലെ മുഴുവന്‍ സ്ത്രീ പുരുഷ വില്പന തൊഴിലാളികള്‍ക്കും പലിശ രഹിത വായ്പ ലഭ്യമാക്കും. 22 കോടി രൂപ പലിശ രഹിത വായ്പാ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. 5,000 രൂപ 10,000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനുള്ള നടപടി പൂര്‍ത്തിയാക്കി വരുന്നു.

4. മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
മത്സ്യത്തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കും നല്കി വരുന്നു. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു.

5. പീലിംഗ് തൊഴിലാളികള്‍ക്ക് ആശ്വാസ നടപടികള്‍
ഒരു തൊഴില്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കാതെ കൊടിയ ചൂഷണത്തിന് വിധേയരായി ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട വനിതാ പീലിംഗ് തൊഴിലാളികള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി ആളൊന്നിന് 2000 രൂപ സഹായധനം അനുവദിച്ചു. 13,370 വനിതാ പീലിംഗ് തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി. 2.67 കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു.

6. മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലുപകരണങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. മത്സ്യബോര്‍ഡ് വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മത്സ്യബന്ധനത്തിനിടയില്‍ അപകട മരണം സംഭവിക്കുകയോ, കാണാതാവുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് സഹായധനം 1 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സ്ഥിരവും ഭാഗികവുമായ അവശത സംഭവിക്കുന്നവര്‍ക്ക് 50,000 രൂപയും ഇന്‍ഷുറന്‍സ് സഹായമായി നല്‍കുന്നു. മത്സ്യഫെഡ് വഴി നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 1.5 ലക്ഷംരൂപയില്‍ നിന്ന് 3 ലക്ഷംരൂപയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ മത്സ്യഫെഡ് വഴി ഉപകരണ സുരക്ഷാ പദ്ധതിയും നടപ്പിലാക്കി വരുന്നു. കടലില്‍ അപകടത്തില്‍പ്പെടുന്ന വള്ളം, വല, എഞ്ചിന്‍ എന്നിവ അടങ്ങുന്ന മത്സ്യബന്ധന യൂണിറ്റിന് വിലയുടെ 75 ശതമാനം നഷ്ടപരിഹാരം അനുവദിക്കുന്ന മത്സ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി.

7. സുനാമി ദുരിത ബാധിതര്‍ക്ക് തീരമൈത്രി

സുനാമി ദുരിത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും നഷ്ടപ്പെട്ട ജീവിതം തിരിച്ചു നല്‍കുന്നതിനും മാതൃകാപരമായ നടപടികളാണ് മത്സ്യമേഖലയില്‍ സ്വീകരിച്ചത്. മത്സ്യമേഖലയ്ക്കായി ലഭ്യമായ 38 കോടി രൂപ ജീവനോപാധികളുടെ പുനഃസ്ഥാപനത്തിനായി മാതൃകാപരമായി വിനിയോഗിച്ചു. 21 പ്രോജക്റ്റുകള്‍ ആരംഭിക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതി നിര്‍വ്വഹണത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ ഊട്ടി വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.

8. ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിന് മത്സ്യകേരളം
ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. 10,000 ഹെക്ടര്‍ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന മത്സ്യകേരളം പദ്ധതി വഴി ഉള്‍നാടന്‍ മത്സ്യോത്പാദനം നിലവിലുള്ള മുക്കാല്‍ ലക്ഷം ടണ്ണില്‍ നിന്നും 2 ലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

9. അടിസ്ഥാന സൗകര്യ വികസനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍

തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി തീരദേശ വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോര്‍പ്പറേഷന് ഓഹരി മൂലധനമായി 15 കോടി രൂപ അനുവദിച്ചു.

10. കൊച്ചിയില്‍ മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഓഷ്യനേറിയവും
കടല്‍ ജീവികളെക്കുറിച്ചും അത്ഭുതകരമായ കടല്‍ മത്സ്യവൈവിദ്ധ്യ ത്തെക്കുറിച്ചും ഗവേഷണം നടത്തുന്നതിനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും കൊച്ചിയില്‍ 500 കോടി രൂപ മൊത്തം അടങ്കല്‍ വരുന്ന മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററും ഓഷ്യനേറിയവും സ്ഥാപിക്കുന്നതിന് നടപടി പൂര്‍ത്തിയാക്കി ആഗോള ടെണ്ടര്‍ വിളിച്ചു. ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം നേടിയെടുത്തു.


11. ഫിഷറീസ് സര്‍വ്വകലാശാല
ഇന്ത്യയിലാദ്യമായി കൊച്ചി ആസ്ഥാനമായി ഫിഷറീസിനും സമുദ്ര പഠനത്തിനുമായി സര്‍വ്വകലാശാല ആരംഭിച്ചു. പനങ്ങാട് ഫിഷറീസ് കോളേജ് കേന്ദ്രീകരിച്ചാണ് കേരളത്തിന് അഭിമാനമായ ഈ സ്ഥാപനം ആരംഭിക്കുന്നത്. 2011 ഫെബ്രുവരി ആദ്യം ഉദ്ഘാടനം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

12. അലങ്കാര മത്സ്യക്കയറ്റുമതിക്ക് അക്വാപാര്‍ക്ക്
അലങ്കാര മത്സ്യങ്ങളുടെ കൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് കേരളാ അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) എന്ന പേരില്‍ ഒരു പബ്ലിക് - പ്രൈവറ്റ് കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. എക്‌സ്‌പോര്‍ട്ട് ഹബ്, ജില്ലാതല സാറ്റലൈറ്റ് ഫാമുകള്‍, ഗ്രാമതല ഹോംസ്റ്റഡ് ഫാമുകള്‍ എന്നിവയാണ് പദ്ധതി ഘടകങ്ങള്‍. 5000 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാവുന്നു. ചൈനയിലേയ്ക്ക് അലങ്കാര മത്സ്യം കയറ്റുമതി ചെയ്യാനും അവിടെ നിന്നുള്ള അലങ്കാര മത്സ്യ അനുബന്ധ ഉപകരണങ്ങള്‍ കാവിലിന്റെ ബ്രാന്റ് നെയിമില്‍ ഇവിടെയ്ക്ക് ഇറക്കുമതി ചെയ്യാനും ധാരണയായി. കൂടാതെ അമേരിക്ക, റഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി വ്യാപാരത്തിനുള്ള നടപടികളായി.

13. കടല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷ
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. 8000 യന്ത്രവല്‍കൃത വള്ളങ്ങളിലെ തൊഴിലാളികള്‍ക്ക് പതിനയ്യായിരം രൂപ വില വരുന്ന സുരക്ഷാ കിറ്റുകള്‍ ആണ് വിതരണം ചെയ്യുന്നത്. 18.85 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ഇന്‍ഡ്യയില്‍ ആദ്യമായാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
14. ഹാച്ചറികളുടെ നവീകരണം

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സഹായത്തോടെ 21.40 കോടിരൂപ മുതല്‍ മുടക്കി കേരളത്തിലെ 17 ഹാച്ചറികളുടെയും ഫാമുകളുടെയും നവീകരണം പൂര്‍ത്തിയായി. അതുവഴി മത്സ്യ/ചെമ്മീന്‍ വിത്തുല്പാദന മേഖലയില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കും.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നടപ്പാക്കിയ പദ്ധതികള്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫിഷിംഗ് ഹാര്‍ബറുകളുടെ കാര്യത്തില്‍ ചരിത്ര നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഫിഷ് ലാന്റിംഗ് സെന്ററുകളും തീരദേശ റോഡുകളും നിര്‍മ്മിക്കുന്ന കാര്യത്തിലും എല്‍ ഡി എഫ് സര്‍ക്കാര്‍ വളരെയേറെ മുന്നേറി. കേരള സംസ്ഥാന രൂപീകരണം മുതല്‍ ഈ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതു വരെ എട്ട് ഫിഷിംഗ് ഹാര്‍ബറുകളാണ് ഉണ്ടായിരുന്നത്. (തങ്കശ്ശേരി, നീണ്ടകര, മുനമ്പം, ബേപ്പൂര്‍, പുതിയാപ്പ, ചോമ്പാല്‍, മാപ്പിളബേ, അഴീക്കല്‍)

1. പുതിയ ഫിഷിംഗ് ഹാര്‍ബറുകള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തലായി, കൊയിലാണ്ടി, ചെല്ലാനം, ചെത്തി, അര്‍ത്തുങ്കല്‍, കാസര്‍കോട്, ചെറുവത്തൂര്‍, ചേറ്റുവ എന്നിങ്ങനെ എട്ട് പുതിയ ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം ആരംഭിച്ചു. കായംകുളം ഫഷിംഗ് ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്തു. ചെല്ലാനം ഹാര്‍ബറിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. അവയുടെ നിര്‍മ്മാണച്ചെലവുകള്‍ താഴെ ചേര്‍ക്കുന്നു.

1. കൊയിലാണ്ടി 35.45 കോടി
2. തലായ് 19.26 കോടി
3. കാസര്‍കോഡ് 29.75 കോടി
4. ചെത്തി (ഒന്നാം ഘട്ടം) 05.00 കോടി
ചെത്തി (രണ്ടാം ഘട്ടം) 05.00 കോടി
5. അര്‍ത്തുങ്കല്‍ (ഒന്നാംഘട്ടം) 05.00 കോടി
6. ചെല്ലാനം (ഒന്നാഘട്ടം) 05.00 കോടി
ചെല്ലാനം(രണ്ടാംഘട്ടം) 30.00 കോടി
7. ചേറ്റുവ 30.24 കോടി
8. ചെറുവത്തൂര്‍ 29.06 കോടി

2. പുതിയ ലാന്റിംഗ് സെന്ററുകള്‍
ഉള്‍നാടന്‍ മേഖലയില്‍ 25 പുതിയ ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മിക്കും. മുഹമ്മ, സാമ്പ്രാണിക്കോടി, ബേക്കല്‍ ലാന്റിംഗ് സെന്ററുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ വടകര, തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍, കണ്ണൂര്‍ ജില്ലയിലെ ഏഴോംകോട്ടിക്കല്‍, കിഴന്നപ്പാറ, മലപ്പൂറം ജില്ലയിലെ പറവണ്ണ, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, മുട്ടത്ത്മണ്ണേല്‍ എന്നിവിടങ്ങളില്‍ അനുവാദം നല്‍കി കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ അജാനൂര്‍ കടപ്പുറം, പൂഞ്ചാവി കടപ്പുറം, കോയിപ്പാടി, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് എന്നിവിടങ്ങളില്‍ ഐ സി എ ഡി സ്‌കീമില്‍ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കാസര്‍കോഡ് ജില്ലയിലെ മുസോഡി കടപ്പുറത്ത് കോസ്റ്റല്‍പ്പുര സ്‌കീമില്‍പ്പെടുത്തി ഫിഷ്‌ലാന്റിംഗ് സെന്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വൈപ്പിനിലും ചാത്തനാട്ടും ഫിഷ്‌ലാന്റിംഗ് സെന്ററുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

3. ഫിഷിംഗ് ഹാര്‍ബറുകളുടെ നവീകരണം
നാഷണല്‍ ഫിഷറീസ് ഡവലെപ്‌മെന്റ് ബോര്‍ഡിന്റെ ധനസഹായത്തോടെ 24.42 കോടി രൂപ ചെലവില്‍ നീണ്ടകര, തങ്കശ്ശേരി, കായംകുളം, പുതിയാപ്പ എന്നീ തുറമുഖങ്ങളുടെ നവീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

4. ഫിഷറീസ് റോഡുകള്‍
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ പ്രധാന റോഡുകളുമായും ഫിഷിംഗ് ഹാര്‍ബറുകളുമായും ബന്ധിപ്പിക്കുന്നതും 40 കോടിരൂപ ചെലവു വരുന്നതുമായ 336 തീരദേശ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നു.