നെല്‍കൃഷി സംരക്ഷണം - വി.എസ്. അച്യുതാനന്ദന്‍

വികസനം, വികസനം എന്ന മുദ്രാവാക്യത്തിന് അടുത്തകാലത്തായി പതിവിലുമേറെ ശബ്ദമുണ്ട്. വികസനം വേണം, വളര്‍ച്ച വേണം - അത് എങ്ങനെയായാലും തരക്കേടില്ല എന്ന ഒരു ചിന്താഗതി വളരുകയാണ്. ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് വികസനം. നന്മയിലേക്കുള്ള പ്രയാണമാണ് വികസനം. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകമെങ്ങും വലിയ ഏറ്റക്കുറച്ചിലില്ലാതെ സാമ്പത്തികവളര്‍ച്ചയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊടും പട്ടിണി നടമാടുന്ന രാജ്യങ്ങള്‍വരെ ആറും ഏഴും ശതമാനം വളര്‍ച്ച കൈവരിക്കുന്നുവെന്നാണ് കണക്ക്. അടിസ്ഥാന ഉല്പാദനമേഖലയിലെ വികാസവും വിതരണത്തിലെ സന്തുലിതത്വവും പരിഗണിക്കാതെ വളര്‍ച്ചാനിരക്ക് വര്‍ദ്ധനയെ എടുത്തുകാട്ടുന്നതുകൊണ്ട് കാര്യമില്ല. കാര്‍ഷിക - വ്യവസായമേഖലകളിലെ ഉല്പാദനവളര്‍ച്ചയിലൂടെയല്ലാതെ ഒരു സമൂഹത്തിനും യഥാര്‍ത്ഥ പുരോഗതി കൈവരിക്കാനാവില്ല. ജനസംഖ്യയുടെ മൂന്നിലൊന്നും കൃഷിക്കാരും കര്‍ഷകതൊഴിലാളികളും ആയ ഒരു സമൂഹത്തിന് പ്രത്യേകിച്ചും. കൃഷിയുടെ പുരോഗതിയുണ്ടായാലേ ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷിയുണ്ടാകൂ. വാങ്ങല്‍ ശേഷിയുണ്ടായാലേ വ്യവസായ വളര്‍ച്ചയ്ക്ക് അടിസ്ഥാനമുണ്ടാകൂ. അതുകൊണ്ട് കാര്‍ഷിക - വ്യവസായമേഖലയുടെ പുരോഗതി പരസ്പര പൂരകമാണ്. കൃഷിയില്‍ നിന്നും വരുമാനം കുറവായതിനാല്‍ അതുപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് കടക്കുന്നതും, നമുക്കാവശ്യമായ കാര്‍ഷികഉല്പന്നങ്ങള്‍ മറുനാട്ടുകാര്‍ ഉല്പാദിപ്പിച്ച് തന്നുകൊള്ളും എന്നു കരുതുന്നതും ആശാസ്യമല്ല. കൃഷി വളര്‍ത്തണമെന്നും വയലുകള്‍ സംരക്ഷിക്കണമെന്നും പറയുന്നവരെ പഴഞ്ചന്മാരായി ആക്ഷേപിക്കുന്നവര്‍ നമ്മുടെ നാട്ടിലേ ഉണ്ടാവുകയുള്ളൂ. കൃഷി ഉപേക്ഷിച്ച് മറ്റുമേഖലകളിലേക്ക് കടക്കുന്നതിനെയാണ് അത്തരം വിമര്‍ശകര്‍ വികസനമായി എണ്ണുന്നത്. എന്നാല്‍ പരിഷ്‌ക്കാരത്തിന്റെ കളിത്തൊട്ടിലുകളായി വിശേഷിപ്പിക്കുന്ന അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും കൃഷിയില്‍നിന്നുള്ള വരുമാനം താരതമ്യേന കുറവായിട്ടും വന്‍തോതില്‍ സബ്‌സിഡി നല്‍കി കടും കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. വികസനത്തിന്റെ അടിസ്ഥാനം കാര്‍ഷിക പുരോഗതിയാണെന്നതിനാലാണത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കാര്‍ഷികാവസ്ഥ പരിശോധിച്ചു നോക്കുക. നമ്മുടെ നെല്‍പ്പാടങ്ങളുടെ അളവില്‍ വന്ന കുറവ് എത്ര ആശങ്കാജനകമാണ്. ഈ ദശകത്തിന്റെ ആദ്യവര്‍ഷം 3.2 ലക്ഷം ഹെക്ടര്‍ പാടത്ത് നെല്‍കൃഷിയുണ്ടായിരുന്നു. 2002 ല്‍ അത് 3.1 ലക്ഷത്തിലേക്കും 2003 ല്‍ 2.9 ലക്ഷത്തിലേക്കും 2005 ല്‍ 2.8 ലക്ഷത്തിലേക്കുമെത്തി. അഞ്ച് കൊല്ലംകൊണ്ട് നാല്പതിനായിരത്തോളം ഹെക്ടര്‍, അതായത് ഒരു ലക്ഷം ഏക്കര്‍ പാടം തരിശാക്കി. ആ അഞ്ച് വര്‍ഷംകൊണ്ട് നെല്ലുല്പാദനത്തില്‍ ഒമ്പത് ലക്ഷം ടണ്ണിന്റെ കുറവുണ്ടായി. എട്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതിവര്‍ഷം 22,000 ഹെക്ടര്‍ നെല്‍പ്പാടം തരിശാവുകയോ മറ്റ് കൃഷിസ്ഥലമായി മാറുകയോ ചെയ്തു. ഒമ്പതാം പദ്ധതി കാലത്ത് ജനകീയാസൂത്രണമൊക്കെ ഉണ്ടായിട്ടുപോലും നെല്‍പ്പാടത്തിന്റെ വിസ്തൃതി പ്രതിവര്‍ഷം പതിമൂവായിരം ഹെക്ടര്‍ എന്ന തോതില്‍ കുറഞ്ഞു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതിവര്‍ഷം ശരാശരി 9,398 ഹെക്ടര്‍ നെല്‍പ്പാടം തരംമാറ്റപ്പെട്ടു. 2006 - 2007 ലാകട്ടെ വീണ്ടും ഞെട്ടിക്കുന്ന കുറവാണുണ്ടായത് - 12,213 ഹെക്ടര്‍. 2008ലെ കണക്ക് പ്രകാരം പാടം വിസ്തൃതി കുറഞ്ഞ് കുറഞ്ഞ് രണ്ട് ലക്ഷത്തി ഇരുപത്തൊമ്പതിനായിരത്തോളം ഹെക്ടറിലെത്തി. അരനൂറ്റാണ്ട് മുമ്പ് ഒമ്പത് ലക്ഷത്തോളം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന കേരളത്തില്‍ ഇതേ നിലതുടര്‍ന്നാല്‍ പതിനൊന്നാം പഞ്ചവത്സര പദ്ധതി കഴിയുമ്പോഴേക്കും നെല്‍പ്പാടത്തിന്റെ വിസ്തൃതി രണ്ട് ലക്ഷത്തിലെത്തും. പിന്നെയും തുടര്‍ന്നാല്‍.... എന്നാല്‍ അതിനൊരറുതി വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കാര്‍ഷികോല്പാദന വര്‍ധനയ്ക്കുള്ള കര്‍മപദ്ധതിയുടെ ഭാഗമായി അറുപതിനായിരം ഏക്കറില്‍ നെല്‍കൃഷി പുനരാരംഭിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കാട്ടാമ്പള്ളിയിലും കോഴിക്കോട് ജില്ലയിലെ മേപ്പയൂരിലുമൊക്കെ ആയിരക്കണക്കിനേക്കര്‍ പാടത്ത് പതിറ്റാണ്ടുകള്‍ക്ക്‌ശേഷം വീണ്ടും നെല്‍കൃഷി തുടങ്ങിയെന്നത് ആവേശകരമാണ്.

ഇപ്പോള്‍ത്തന്നെ നമുക്കാവശ്യമായ അരിയില്‍ ഏതാണ്ട് അഞ്ചില്‍ നാല് ഭാഗവും പുറത്തുനിന്നും കൊണ്ടുവരികയാണ്. അതായത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമൊക്കെ. തമിഴ്‌നാട്ടിലും നെല്ലുല്പാദനം കുറയുകയാണ്. ആന്ധ്രയിലാണെങ്കില്‍ കര്‍ശനമായ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ ഇങ്ങോട്ടുള്ള അരി വരവ് വല്ലാതെ കുറയുകയാണ്. അതുകൊണ്ട് നമുക്കാവശ്യമായ അരി എല്ലാകാലത്തും മറുനാട്ടുകള്‍ ഉല്പാദിപ്പിച്ചുകൊള്ളും എന്നും, അതും കുറഞ്ഞ വിലയ്ക്ക് അവര്‍ അരി തന്നുകൊള്ളും എന്നും കരുതുന്നത് മൗഢ്യമായിരിക്കും. നെല്‍പ്പാടങ്ങളുടെ വിസ്തൃതി നടുക്കുംവിധം കുറയുകയാണെന്ന റിപ്പോര്‍ട്ടിനൊപ്പം തെല്ല് ആശ്വാസം പകരുന്ന ഒരു കാര്യമുള്ളത് ഉല്പാദനക്ഷമതയില്‍ അല്പം വളര്‍ച്ചയുണ്ടെന്നതാണ്. പത്താം പദ്ധതിക്കാലത്തെ അവസാന നാല് വര്‍ഷത്തോളം ഒരു ഹെക്ടറില്‍നിന്നും 2.2 ടണ്‍ നെല്ലാണ് ഉല്പാദിപ്പിക്കപ്പെട്ടതെങ്കില്‍ ഉല്പാദനം 2.44 ടണ്‍ ആയി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതൊരു ശുഭസൂചകമായി കണക്കാക്കി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം.

'എല്ലാരും പാടത്തേക്ക്' എന്ന മുദ്രാവാക്യവും ആഹ്വാനവും ശക്തവും വ്യാപകവുമായി മുഴങ്ങേണ്ട കാലമാണിത്. കാര്‍ഷികമേഖലയിലെ മുരടിപ്പ് മാറ്റി പുതിയൊരു കുതിച്ചുചാട്ടം നടത്താതെ നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ല. കൃഷിയാണ് എല്ലാ പുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാന ഘടകം. കാര്‍ഷികോല്പാദനമില്ലാതെ മറ്റൊന്നുമില്ല. എന്നാല്‍ കാര്‍ഷികരംഗത്തുനിന്ന് അധികമധികമാളുകള്‍ പിറകോട്ടുപോകുന്ന പ്രവണതയാണ് കുറേക്കാലമായി ഉള്ളത്. മണ്ണും ചെളിയും പുരളാത്ത ജോലി, വിയര്‍ക്കാത്ത ജോലി കൊതിക്കുകയാണ് മിക്കപേരും. അത് പലകാരണങ്ങളാല്‍ സാധിക്കാത്തവര്‍ മാത്രമായി കാര്‍ഷികതൊഴില്‍ മേഖല പരിമിതപ്പെട്ടുപോകുന്ന അവസ്ഥയുണ്ട്. ഏറ്റവും ആകര്‍ഷവും ഔന്നത്യമുള്ളതുമായ ഒരു പ്രവര്‍ത്തനമണ്ഡലമാണ് കൃഷി എന്നു വരേണ്ടതുണ്ട്.

ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. നമുക്ക് തരിശിടാന്‍ സ്ഥലമില്ല. എന്നാല്‍ പതിനായിരക്കണക്കിനേക്കര്‍ കൃഷിഭൂമി വിളയിറക്കാതെ തരിശായി ഇട്ടിരിക്കുകയാണ്. പതിനായിരക്കണക്കിനേക്കര്‍ സ്ഥലത്ത് കൃഷിയുണ്ടെങ്കിലും ശരിയായി പരിപാലിക്കപ്പെടാതെ കിടക്കുന്ന സ്ഥിതിയുണ്ട്. മറ്റ് തൊഴിലുകളിലേര്‍പ്പെട്ടവരും സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ അവിടെ കൃഷി ചെയ്യാന്‍, കാര്‍ഷിക ജോലി ചെയ്യാന്‍ സന്നദ്ധമാകണം. മറ്റെല്ലാറ്റിനുമുപരി താന്‍ ഒരു കൃഷിക്കാരനുമാണെന്ന് ഓരോരുത്തര്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയണം. അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുത്തേ പറ്റൂ. കാര്‍ഷികോല്‍പാദന വര്‍ധനയും കര്‍ഷക ക്ഷേമവും ത്രിതല പഞ്ചായത്തുകള്‍ ഏറ്റവും പരിഗണന നല്‍കേണ്ട വിഷയമാണ്.

നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും നികത്തുന്നത് തടയുന്നതിന് നമ്മുടെ നിയമസഭ പാസാക്കിയ നിയമം ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. നമ്മുടെ ഭക്ഷ്യകമ്മി പരിഹരിക്കുന്നതിനും പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുന്നതിനുമെല്ലാം സഹായകമായ നിയമമാണത്. കൃഷി നഷ്ടത്തിലാണ്, അതിനാല്‍ പാടം നികത്തലേ രക്ഷയുള്ളൂ, നിയമസഭ പാസാക്കിയ നിയമം അതിനാല്‍ ദ്രോഹകരമാണ് എന്നൊരു പ്രചാരണമുണ്ട്. വാസ്തവത്തില്‍ ഇത്തരം കുപ്രചാരണങ്ങള്‍ സാമൂഹ്യദ്രോഹമാണ്. കൃഷി ലാഭകരമാക്കാന്‍ അനവധി നടപടികള്‍ സ്വീകരിച്ചശേഷമാണ് പാടം നികത്തല്‍ നിരോധിച്ചത്. നെല്ലിന്റെ സംഭരണവില ഏഴില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കിയതിനുപുറമെ നെല്‍കൃഷിക്ക് പലിശരഹിത വായ്പ നടപ്പാക്കി. കടാശ്വാസ നടപടികളുള്‍പ്പെടെ മറ്റനേകം ആശ്വാസനടപടികള്‍ സ്വീകരിച്ചു. കര്‍ഷക പെന്‍ഷന്‍ നടപ്പാക്കി.

ഇത്രയൊക്കെയായിട്ടും നിയമം ലംഘിച്ച് പാടം നികത്തല്‍ തുടരുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലര്‍ അതിന് ഒത്താശ ചെയ്യുന്നുണ്ട്. തൃശൂര്‍ കോള്‍നിലത്തില്‍ 25 ഏക്കര്‍ പാടം നികത്തിയ സംഭവം ഉദാഹരണം. ഇക്കാര്യത്തില്‍ ജനകീയ ജാഗ്രതയാണുണ്ടാവേണ്ടത്. നെല്ലുല്പാദനം ആറരലക്ഷത്തോളം ടണ്‍ എന്നതില്‍നിന്നും പത്ത് ലക്ഷത്തോളം ടണ്ണായി വര്‍ധിപ്പിക്കാനാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ഗ്രാമത്തിലും ഓരോ വര്‍ഷവും പുതുതായി പത്ത് ഹെക്ടറിലെങ്കിലും നെല്‍കൃഷി നടത്തുകയാണതിന്റെ ഒരു മാര്‍ഗ്ഗം. പഞ്ചായത്തുകളാണ് ഇക്കാര്യത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടത്.

മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിന് - വി.എസ്. അച്യുതാനന്ദന്‍

കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രവാസി ക്ഷേമനിധി പദ്ധതി ദശലക്ഷക്കണക്കായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷ ത്തില്‍പ്പരംപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന പത്ത് ലക്ഷത്തില്‍പ്പരംപേര്‍ക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, മുമ്പ് വിദേശത്ത് ജോലി ചെയ്യുകയും ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. അവരില്‍ വലിയൊരു വിഭാഗവും ക്ഷേമനിധിയുടെ പരിധിയിയില്‍ വരും. മറുനാടുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പെന്‍ഷനും മറ്റാനുകൂല്യങ്ങളുമടക്കമുള്ള ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് നിലവില്‍ വരുന്നത്. മറ്റേതെങ്കിലും രാജ്യത്തുതന്നെ ഇത്തരമൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന കാര്യം സംശയമാണ്.

കേരളത്തിന്റെ പുരോഗതിയിലും സാമ്പത്തിക വികസനത്തിലും പ്രവാസിമലയാളികള്‍ വഹിക്കുന്ന പങ്ക് എടുത്തു പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ തൊഴിലില്ലായ്മ ഗണ്യമായ അളവില്‍ പരിഹരിച്ചത് വിദേശത്ത് ലഭ്യമായ തൊഴിലവസരമാണ്. ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്നത്. പതിനായിരക്കണക്കിന് മലയാളികള്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രവാസി കേരളീയരുടെ വരുമാനംകൊണ്ടാണ്. പ്രവാസി കേരളീയര്‍ അയക്കുന്ന പണംകൊണ്ട് ലക്ഷക്കണക്കിന് തൊഴില്‍ നാട്ടിലും സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലയിലും പ്രവാസി മലയാളികളുടെ അദ്ധ്വാനം അടിസ്ഥാന ഘടകമാണ്.

ഇന്ത്യാരാജ്യത്തെ ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമാണ് കേരള ജനസംഖ്യ. മുപ്പതില്‍ ഒന്നിലും താഴെ. എന്നാല്‍ ഓരോ കൊല്ലവും വിദേശത്ത് തൊഴില്‍ തേടി പോകുന്ന ഇന്ത്യാക്കാരില്‍ 23 ശതമാനവും മലയാളികളാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സൗദി അറേബ്യയിലുമെല്ലാം ജീവിതത്തിന്റെ നാനാതുറകളിലും നിറഞ്ഞുനില്‍ക്കുന്നത് മലയാളികളാണ്.

ലഭ്യമായ ഔദ്യോഗിക കണക്കുകള്‍പ്രകാരം മലപ്പുറം ജില്ലയിലെ 3,36,000 പേര്‍ ഗള്‍ഫ് നാടുകളിലാണ്. കണ്ണൂരിലെ 2,54,000 പേരും തിരുവനന്തപുരം ജില്ലയിലെ 1,89,000 പേരും വിദേശത്താണ്. ഇടുക്കി ജില്ലക്കാര്‍ മാത്രമാണ് വിദേശജോലിയോട് അത്ര കമ്പമില്ലാത്തവര്‍. പ്രവാസി കേരളീയരില്‍ ആയിരത്തില്‍ ഒന്ന് എന്ന തോതില്‍ മാത്രമാണ് ഇടുക്കിക്കാര്‍. സ്വന്തം നാട്ടില്‍ത്തന്നെ അധ്വാനിച്ച് ജീവിക്കാനുള്ള സാധ്യതയും താല്പര്യവും കൊണ്ടാവാം അത്. അത് പ്രോത്സാഹനമര്‍ഹിക്കുന്നതുമാണ്. ശരാശരി 25 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍. കഠിനാധ്വാനം ചെയ്യാന്‍ ശേഷിയും സന്നദ്ധതയുമുള്ള പ്രായം. ആ പ്രായത്തിലുള്ള ഭൂരിപക്ഷംപേരും മണലാരണ്യങ്ങളില്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്. നാലഞ്ച് കൊല്ലം ജോലി ചെയ്തശേഷം അവര്‍ തിരികെ വരുന്നു. ഓരോ കൊല്ലവും ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ വിസ കാലാവധി കഴിഞ്ഞ് തിരിച്ചു വരുന്നു. അതിലേറെ പേര്‍ പുതുതായി അങ്ങോട്ടു പോകുന്നു. അടുത്തകാലത്തായി അമേരിക്കയിലേക്കും കേരളത്തില്‍നിന്നുള്ള വിദഗ്ധതൊഴിലാളികളുടെ ഒഴുക്കുണ്ട്. 1998 ല്‍ കേരളത്തില്‍ നിന്നുള്ള മൊത്തം പ്രാവാസികളുടെ 2.2 ശതമാനമായിരുന്നു അമേരിക്കയില്‍. ഇന്ന് അത് 5.7 ശതമാനത്തിലും കടന്നു. അതേ സമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴില്‍തേടിയുള്ള മലയാളികളുടെ ഒഴുക്ക് നന്നായി കുറഞ്ഞു. 2003 ല്‍ 11.2 ലക്ഷം പേരായിരുന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയതെങ്കില്‍ ഇപ്പോഴത് 8.7 ലക്ഷമായി. എന്നാല്‍ ഈ കണക്കെടുപ്പുകാരുടെ കണ്ണില്‍പ്പെടാതെ പതിനായിരക്കണക്കിനാളുകളുണ്ടാവാം. കഴിഞ്ഞ വര്‍ഷം നമ്മുടെ സംസ്ഥാനത്തെ മൊത്തം ആഭ്യന്തര വരുമാനം ഒരുലക്ഷത്തി അറുപത്തീരായിരത്തില്‍ ചില്ല്വാനം കോടിയായിരുന്നു. അതിന്റെ അഞ്ചിലൊന്നോളം തുക കണക്കില്‍പ്പെടുന്നതായിത്തന്നെ ഗള്‍ഫില്‍നിന്നും ഓരോ കൊല്ലവും ഇവിടേക്കെത്തുന്നുണ്ട്. കണക്കില്‍പ്പെടാതെ എത്തുന്നത് എത്ര വലിയ തുകയായിരിക്കുമെന്നൂഹിക്കാന്‍ പോലും വയ്യ.

നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികളുടെ വിയര്‍പ്പില്‍ നിന്നാണ് നിരവധി ഗള്‍ഫ് രാജ്യങ്ങളും മറ്റും വികസിച്ചത് എന്നതാണ് പരമാര്‍ത്ഥം. ഏറ്റവും നന്നായും ആത്മാര്‍ത്ഥമായും ബുദ്ധിപൂര്‍വ്വവും ജോലി ചെയ്യുന്നവരാണ് മലയാളികള്‍ എന്ന കീര്‍ത്തിയുണ്ട്. എത്തിപ്പെടുകയും പ്രവൃത്തിയെടുക്കുകയും ചെയ്യുന്ന നാടുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും അതേസമയം സ്വന്തം സാംസ്‌കാരികതനിമ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. മറുനാട്ടില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെയുണ്ട്. ജന്മനാട്ടിന്റെ വികസനത്തില്‍ ഏറ്റവുമധികം താല്പര്യമെടുക്കുന്നവരുമാണ് പ്രവാസി മലയാളികള്‍. നമ്മുടെ വാര്‍ഷിക പദ്ധതിയുടെ അഞ്ച് മടങ്ങിലധികം സംഖ്യ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. നാട്ടില്‍ വ്യവസായ - വാണിജ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നതിലും പ്രവാസി മലയാളികള്‍ മുന്‍പന്തിയിലാണ്.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പും നോര്‍ക്കാ റൂട്‌സ് കമ്പനിയും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 'സാന്ത്വനം' എന്ന പേരില്‍ ചികിത്സാ സഹായപദ്ധതി അതില്‍ പ്രധാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷമാണ് സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കിയതും വിപുലപ്പെടുത്തിയതും. എന്നാല്‍ വിപുലമായ ഫണ്ടും ക്ഷേമനിയമവും ഇല്ലെന്നത് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഈസാഹചര്യത്തിലാണ് വിദേശ മലയാളികളുടെ ചിരകാലാഭിലാഷമായ ക്ഷേമനിധി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായ മറുനാടന്‍ മലയാളിക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചുവന്നവര്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പ്രതിമാസം 300 രൂപയും മടങ്ങി വന്നവരാണെങ്കില്‍ നൂറ് രൂപയും ക്ഷേമനിധിയിലേക്ക് പ്രതിമാസം അംശദായമായി അടക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ അടക്കേണ്ട അംശദായം നൂറ് രൂപയാണ്. ഓരോ വര്‍ഷത്തിലും പിരിഞ്ഞുകിട്ടുന്ന അംശദായത്തിന്റെ രണ്ട് ശതമാനം തുക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.

അടക്കുന്ന അംശദായവും പുറത്ത് പ്രവര്‍ത്തിച്ച കാലയളവും മറ്റ് നിബന്ധനകളുമെല്ലാം പരിഗണിച്ച് പെന്‍ഷന്‍ നല്‍കുമെന്നതാണ് ക്ഷേമനിധിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്ഷേമനിധിയില്‍ അംഗമായി ചേര്‍ന്നയാള്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന് അവകാശമുണ്ടാവും. അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ധനസഹായം, രോഗം ബാധിച്ചാല്‍ ചികിത്സാ സഹായം, വിവാഹ ധനസഹായം, പ്രസവത്തിന് ധനസഹായം, വീട് നിര്‍മ്മാണത്തിനും പുതുക്കിപ്പണിയുന്നതിനും സഹായം, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ക്ഷേമനിധി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സഹായവും ഇതില്‍പ്പെടുന്നു.

ക്ഷേമനിധിയിലേക്കുള്ള രജിസ്‌ട്രേഷനും അംശദായം സ്വീകരിക്കലും ശ്രമകരമായ പ്രവൃത്തിയാണ്. ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നുകഴിഞ്ഞു. ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും. രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. വാര്‍ഷിക - അര്‍ധവാര്‍ഷിക - ത്രൈമാസ ഗഡുക്കളായി അംശദായം അടക്കാന്‍ സൗകര്യമുണ്ടാകും. അംശദായം ബാങ്കുകള്‍ വഴി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലാണ്.

കര്‍ഷകതൊഴിലാളി പെന്‍ഷന്‍, അസംഘടിത മേഖലയിലെ പത്ത് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്കുള്ള പെന്‍ഷനും ക്ഷേമനിധിയും എന്നിവ പോലെ ഏറ്റവും ബൃഹത്തായ ഒരു ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയാണ് പ്രവാസി ക്ഷേമനിധി. ഏറ്റവും ചുരുങ്ങിയത് മുപ്പത് ലക്ഷത്തോളംപേര്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമെന്ന നിലയില്‍ വലിപ്പത്തില്‍ ഒന്നാമതായ ക്ഷേമനിധിയാകും ഇത്. ഈ പദ്ധതി വമ്പിച്ച വിജയമാക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ആവശ്യമാണ്. എല്ലാ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗത്വമെടുപ്പിക്കുകയാണ് പ്രഥമ കര്‍ത്തവ്യം. മറുനാടന്‍ മലയാളി സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുക്കേണ്ടതുണ്ട്.

ജില്ലാകലക്ടറേറ്റുകളില്‍ നോര്‍ക്കാ സെല്ലിന്റെ പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ഓരോ ജില്ലയിലെയും ലക്ഷക്കണക്കിന് കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് പ്രവാസി കാര്യം. എല്ലാ കാര്യത്തിനും തിരുവനന്തപുരത്ത് വരേണ്ടി വരുന്നതിനു പകരം നോര്‍ക്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കലക്ടറേറ്റില്‍ സംവിധാനം വരികയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ മേഖലാകേന്ദ്രമുണ്ട്. ആ മൂന്ന് ജില്ലയിലൊഴികെ 11 ജില്ലാകലക്ടറേറ്റുകളിലും ഇപ്പോള്‍ നോര്‍ക്കാ സെല്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷേമനിധി അംഗത്വമെടുക്കാനും സാന്ത്വനം പദ്ധതിയുടെ അപേക്ഷ നല്‍കാനും ഐഡന്റിറ്റി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാനുമെല്ലാം ഇവിടെ സംവിധാനമുണ്ടാകും. ഭാവിയില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യവും ഏര്‍പ്പെടുത്താന്‍ കഴിയും. നോര്‍ക്കയ്ക്ക് ഇപ്പോള്‍ ദില്ലിയിലും മുംബെയിലും ഓഫീസുണ്ട്. ചെന്നൈയില്‍ കേരളാഹൗസ് നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവിടെയും ഓഫീസ് തുടങ്ങും. ബംഗ്ലൂരിലും നോര്‍ക്കയുടെ ഓഫീസ് വൈകാതെതന്നെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


മറുനാടന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പദ്ധതികൂടി സംസ്ഥാന ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളികളുടെ മക്കളില്‍ മറുനാട്ടില്‍ത്തന്നെ പഠിച്ചുവളരുന്നവര്‍ക്ക് മലയാളം അന്യമാവുകയാണ്. അത് വലിയൊരു ഭീഷണിയാണ്. അതുകൊണ്ട് മറുനാടന്‍ മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മലയാളം മിഷന്‍ നിലവില്‍വന്നിരിക്കുന്നു. അതിന്റെ ഉദ്ഘാടനം രണ്ട്മാസം മുമ്പ് ദില്ലിയില്‍ നടന്നു. മലയാളം മിഷന്റെ കീഴില്‍ ദില്ലി കേന്ദ്രീകരിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇരുന്നൂറോളം മലയാള പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മലയാളി സമാജങ്ങള്‍ സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തുക, അധ്യാപകരെ കണ്ടെത്തുക-വാരാന്ത്യങ്ങളില്‍ ക്ലാസ് നടത്തുക. പുസ്തകങ്ങളും മറ്റും മിഷന്‍ ലഭ്യമാക്കുന്നു. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ നടത്തുന്നു. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അധ്യാപകര്‍ക്ക് മിഷന്‍ പരിശീലനം നല്‍കുന്നു.

മലയാളഭാഷയും കേരള സംസ്‌കാരവും പഠിപ്പിക്കുന്നതിനുള്ള ഈ സംവിധാനം തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഏതാനും മാസത്തിനകം ആരംഭിക്കും. 2010 ല്‍തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും മലയാളം മിഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണുദ്ദേശിക്കുന്നത്.

മറുനാടന്‍ മലയാളി സമാജങ്ങള്‍ സജീവ താല്പര്യമെടുത്താല്‍ മാത്രമേ ഈ സംവിധാനം വിജയിപ്പിക്കാനാകൂ. ദില്ലിയിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളിസംഘടനകള്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്.

Vision towards development – VS

ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ അനുഭവങ്ങളെ ക്രോഡീകരിച്ചാണ് വികസന പരിപാടി തയ്യാറാക്കേണ്ടതെന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട്. ഐക്യകേരളം രൂപീകരിച്ച കാലം മുതല്‍ ഇവിടെ പാര്‍ടി ആ സമീപനമാണ് സ്വീകരിച്ചു വരുന്നത്. മാറിമാറിവരുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസന കാഴ്ചപ്പാടിലും മാറ്റങ്ങള്‍ ആവശ്യമായി വരും. ആധുനിക കേരളത്തിന്റെ സമഗ്രവും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിനു തുടക്കമിട്ടത് 1957ല്‍ ഇ.എം.എസ്. നയിച്ച കമ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു.

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്പരപൂരക നടപടികളാണ്; സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ഉച്ചനീചത്വം വളര്‍ത്തുന്ന മുതലാളിത്ത വികസനപാതയല്ല ആദ്യ ഗവണ്‍മെന്റ് വെട്ടിത്തുറന്നത്. സാമൂഹ്യനീതിയും മാനവവികസനവും കൈവരുത്തുക എന്ന ലക്ഷ്യത്തോടെ പാവങ്ങളെ മുഖ്യധാരയിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്തരം കുറച്ചുകൊണ്ടുവരികയും തുല്യാവസരം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബദല്‍ വികസനപാതയാണ് തുറന്നത്. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസനിയമവുമെല്ലാം അതിന്റെ അടിസ്ഥാനമാണ്.
ആ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള മുന്നേറ്റമാണ് 1967ല്‍ അധികാരത്തില്‍വന്ന ഇ.എം.എസ്. മന്ത്രിസഭയുടെയും പിന്നീട് മൂന്നു തവണ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയുടെയും കാലത്തുണ്ടായത്. 1967 ലെ ഭരണകാലത്ത് ഭൂപരിഷ്‌ക്കരണനിയമത്തിന് പൂര്‍ണത കൈവരുത്തിയതും സഹകരണനിയമം കൊണ്ടുവന്ന് സംസ്ഥാനത്ത് വികസനത്തിന്റെ പുതിയൊരു പന്ഥാവ് വെട്ടിത്തെളിച്ചതും സ്മരണീയമാണ്. 1980 ല്‍ കാര്‍ഷികതൊഴിലാളി പെന്‍ഷന്‍ നടപ്പാക്കുകയും അതേ തുടര്‍ന്ന് ക്ഷേമനിധികള്‍ കൊണ്ടുവരികയും ചെയ്തു. 1987ല്‍ സമ്പൂര്‍ണ്ണ സാക്ഷരതക്കുവേണ്ടി മഹത്തായ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയും രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരസംസ്ഥാനമായി കേരളത്തെ മാറ്റുകയും ചെയ്തു. അധികാരവികേന്ദ്രീകരണം സാര്‍ഥകമാക്കുന്നതിന് ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് ജില്ലാ കൗണ്‍സിലുകളെ കഴുത്ത് ഞെരിച്ച് കൊന്നു. എന്നാല്‍ 1996 ല്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ അധികാരവികേന്ദ്രീകരണം അതിന്റെ യഥാര്‍ത്ഥ സ്പിരിറ്റില്‍ നടപ്പാക്കി. രാജ്യത്തിനാകെ മാതൃകയായ ജനകീയാസൂത്രണ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി. പദ്ധതികള്‍ ജനങ്ങള്‍ തന്നെ ആസൂത്രണം ചെയ്യുകയും ജനപങ്കാളിത്തത്തോടെ സുതാര്യമായി നടപ്പാക്കുകയും ചെയ്യുകയായിരുന്നു. രാജ്യത്താദ്യമായി സംസ്ഥാനത്തിന്റെ പദ്ധതി തുകയില്‍ നാല്പത് ശതമാനത്തോളം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് വികേന്ദ്രീകൃതവികസനത്തിന് പശ്ചാത്തലമൊരുക്കി. പതിനായിരക്കണക്കിന് ഭവനരഹിതര്‍ക്ക് ജനകീയാസൂത്രണ പദ്ധതിയിലൂടെയും മൈത്രീ ഭവനപദ്ധതിയിലൂടെയും വീട് ലഭ്യമാക്കി.

എന്നാല്‍ 2001 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളത്തിന്റെ ഈ വികസനമുന്നേറ്റത്തെയാകെ അട്ടിമറിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയോ വിറ്റു തുലയ്ക്കുകയോ ചെയ്യുക എന്ന നയം സ്വീകരിച്ചതിനാല്‍ അവ നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തി. പൊതുജനാരോഗ്യകേന്ദ്രങ്ങളെ ചത്തതിനൊക്കുമേ ജീവച്ചിരിക്കലും എന്ന അവസ്ഥയിലാക്കി. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചു. പണമില്ലാത്തവന് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന സ്ഥിതിയുണ്ടാക്കി. പരമ്പരാഗത വ്യവസായമേഖല തകര്‍ത്തു, തോട്ടങ്ങള്‍ അടച്ചുപൂട്ടി. കാര്‍ഷികമേഖലയില്‍ തകര്‍ച്ചയും കടക്കെണിയും അതിന്റെ ഫലമായി ആത്മഹത്യയുമാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ അനുഭവം. യു.ഡി.എഫിന്റെ ഭരണകാലത്ത് ആയിരത്തഞ്ഞൂറ് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ക്ഷേമപെന്‍ഷനുകളെല്ലാം മരവിപ്പിക്കുന്ന സ്ഥിതി വന്നു. നിയമനിരോധനം നടപ്പാക്കി പതിനായിരക്കണക്കിന് തസ്തികകള്‍ ഇല്ലാതാക്കി. ഫലത്തില്‍ കേരളം നേടിയെടുത്ത നന്മകളെല്ലാം - നേട്ടങ്ങളെല്ലാം തകര്‍ത്ത്, സംസ്ഥാനത്തെ മുച്ചൂടും മുടിച്ച ഒരു ഭരണമാണ് 2001-2006 ല്‍ കേരളത്തില്‍ നടന്നത്.

ആന കയറിയ കരിമ്പിന്‍തോട്ടംപോലെയാക്കിയ ആ അവസ്ഥയില്‍ നിന്നും കേരളത്തെ മുക്തമാക്കാനും വികസന-ക്ഷേമരംഗങ്ങളില്‍ ഒരു കുതിപ്പുണ്ടാക്കാനുമാണ് കഴിഞ്ഞ 57 മാസമായി എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗമാളുകള്‍ക്കും ക്ഷേമനിധി, എല്ലാ വിഭാഗത്തിനും പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകളില്‍ വന്‍വര്‍ധന, ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടി, രണ്ട് രൂപനിരക്കില്‍ റേഷനരി, സൗജന്യ ആരോഗ്യ സുരക്ഷാപദ്ധതി, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ സുസജ്ജീകരണം എന്നിങ്ങനെ ക്ഷേമനടപടികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ അഭൂതപൂര്‍വമായ മുന്നേറ്റം. അതിനൊപ്പം എല്ലാ ഭൂരഹിത ദരിദ്രകുടുംബങ്ങള്‍ക്കും സ്ഥലം, വീടില്ലാത്ത മുഴുവന്‍ ദരിദ്രകുടുംബങ്ങള്‍ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെയുള്ള പദ്ധതികള്‍, കെ.എസ്.ആര്‍.ടി.സി.യുടെ പുനഃസംഘാടനവും നവീകരണവും വിപുലനവും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികള്‍, ദേശീയ ജലപാത തുടങ്ങിയ പദ്ധതികളുമായുള്ള മുന്നോട്ടുപോക്ക്, മെട്രോ റെയില്‍വേക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനുള്ള ശ്രമങ്ങള്‍, പൊതുമേഖലാ വ്യവസായങ്ങളുടെ നവീകരണവും ലാഭത്തിലാക്കലും പുതിയ പൊതുമേഖലാ വ്യവസായങ്ങളുടെ ആരംഭവും പുതിയ ഐ.ടി. പാര്‍ക്കുകളും ഐ.ടി.മേഖലയിലെ മുന്നേറ്റവുമടക്കം വ്യവസായ മേഖലയിലെ ഉണര്‍വ് - അതിനെല്ലാം പുറമെ കാര്‍ഷികരംഗത്ത് നൈരാശ്യമകറ്റി നവോന്മേഷം സൃഷ്ടിച്ചതും കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ നെല്‍കൃഷി, പച്ചക്കറി, ക്ഷീരവികസനം, ഫിഷറീസ് മേഖലയില്‍ നടപ്പാക്കിയ വമ്പിച്ച പദ്ധതികളും അതിന്റെ നേട്ടങ്ങളും-ഈവിധത്തില്‍ ക്ഷേമത്തിന്റെ മാത്രമല്ല, അത് നിലനിര്‍ത്തുന്നതിന് അടിസ്ഥാനമാകേണ്ട ഉല്പാദനരംഗത്തെ മുന്നേറ്റവും ആണ് കഴിഞ്ഞ 57 മാസത്തെ അനുഭവം.

കേരള പുരോഗതിയും ഒന്നാം മന്ത്രിസഭയും - വി.എസ്. അച്യുതാനന്ദന്‍

ഐക്യകേരളത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ തുടര്‍ച്ചയായി ആദ്യ ഐക്യകേരള മന്ത്രിസഭയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച നാടാണ് കേരളം. ജാതി-മത-വര്‍ഗീയതയുടെ പരസ്പര മാത്സര്യവും അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളുമാണ് മലയാള നാടിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ വിവേകാനന്ദനെ പ്രേരിപ്പിച്ചത്.

അങ്ങനെയുള്ള അവസ്ഥയില്‍ നിന്നും കേരളത്തെ സമകാലീനാവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി നടന്ന ഇടതുപക്ഷ പ്രവര്‍ത്തനവുമാണ്. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം, അതിന്റെ ഭാഗമായി 1936 ല്‍ രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനം, 1937ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി, 1940ല്‍ രൂപം കൊണ്ട കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം - ജന്മിത്തത്തിനും നാടുവഴിത്തത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍, വ്യവസായ തൊഴിലാളികള്‍ നാല്പതുകളുടെ തുടക്കം മുതല്‍ നടത്തിയ സമരങ്ങള്‍, സാമ്രാജ്യത്വത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍, പ്രത്യയശാസ്ത്ര രംഗത്ത് നടന്ന സമരങ്ങള്‍ - ഇവയുടെയെല്ലാം ഫലമായാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെ കുടഞ്ഞെറിഞ്ഞ് കേരളം പുരോഗതിയിലേക്ക് കുതിച്ചത്. ആ പുരോഗമനത്തിന്റെ ആകെത്തുകയാണ് 1957ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവണ്മെന്റ്. 1959ല്‍ ജാതി-മത പിന്തിരിപ്പന്‍ ശക്തികളും കോണ്‍ഗ്രസും ചേര്‍ന്ന് ആ ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ വിമോചന സമരം നടത്തി. വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഭ്രാന്താലയ സമാനമായ അവസ്ഥയിലേക്ക് കേരളത്തെ പുറകോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടുവാഴിത്ത ശക്തികളും വലതുപക്ഷവും ചേര്‍ന്ന് വിമോചന സമരം നടത്തിയത്.

വിമോചന സമരത്തെ തുടര്‍ന്ന് കേന്ദ്രഗവണ്മെന്റ് ഇ.എം.എസ്. മന്ത്രിസഭയെ 356-ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ടു. ഐക്യകേരളത്തിന്റെ യഥാര്‍ത്ഥ വികസന മുന്നേറ്റത്തിന്മേല്‍ ഏല്‍പിക്കപ്പെട്ട കനത്ത ആഘാതമായിരുന്നു അത്. ആ പിന്നോട്ടുവലിക്കലിനെ ചെറുത്തുകൊണ്ട് ഉജ്ജ്വല പോരാട്ടങ്ങളും അതിനെ തടഞ്ഞുനിര്‍ത്താന്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളും ചേര്‍ന്നതാണ് പില്ക്കാല ചരിത്രം.
ഐക്യകേരളത്തിന്റെ ഒന്നാം മന്ത്രിസഭയുടെ സുവര്‍ണ ജൂബിലി ആഘോഷിക്കുക എന്നതിനര്‍ത്ഥം കേരള പുരോഗതിയുടെ ഈ നിമ്‌നോന്നതങ്ങള്‍ സംബന്ധിച്ച് അനുസ്മരിപ്പിക്കലാണ്; പഠിക്കലും പഠിപ്പിക്കലുമാണ്.
അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ് ആ പ്രസംഗം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അത് നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്. ഊന്നി. സൗഹാര്‍ദ്ദപൂര്‍ണ്ണമായ തൊഴില്‍ബന്ധം. തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്കരണം എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്ത്രീയമായ പരിപാടികളുടെ സൂചനയാണ് ഇ എമ്മിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം.
പ്രതിപക്ഷത്തോട് ഇ.എം.എസ്. പറഞ്ഞു: “പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്മെന്റിനെ വിമര്‍ശിക്കുക, അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്മകള്‍, ഗവണ്മെന്റ് കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നു കാണിക്കുക - ഇതെല്ലാം ചെയ്യുന്നത് ഈ പാര്‍ട്ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സ്വാഗതം ചെയ്യും.

എന്നാല്‍, ഈ വിമര്‍ശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവണ്മെന്റ് ചെയ്യുന്ന തെറ്റുകള്‍ തിരുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരിക്കണമെന്നും അതുകൊണ്ട് തന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അവരോര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.”
തിരു-കൊച്ചി നിയമസഭയില്‍ കോണ്‍ഗ്രസ്-പി.എസ്.പി. സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത സമീപനം മേല്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇ.എം.എസ്. തുടര്‍ന്നു: “ഈ നിലപാടെടുക്കാന്‍ മറ്റ് പാര്‍ട്ടികള്‍ മുതിരുന്നപക്ഷം ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്ന ജോലി തുടങ്ങിവയ്ക്കാനും ഒരതിര്‍ത്തിവരെ മുന്നോട്ടു കൊണ്ടുപോകാനും പുതിയ ഗവണ്മെന്റിന് കഴിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.”
നയപ്രഖ്യാപനം കേരള ജനത അത്യന്തം ആവേശത്തോടെയാണ് ചെവികൊണ്ടത്. ഏറ്റവും ജനാധിപത്യപരമായാണ് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയാകെയും അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് വിനീതമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുക എന്നതായിരുന്നു സന്ദേശം. എന്നാല്‍, നേരെമറിച്ചുള്ള പ്രചാരണം നടത്തി ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം ആദ്യമേതന്നെ മുഴുകിയത്.

കമ്യൂണിസ്റ്റ് മന്ത്രിസഭയെ തകര്‍ക്കാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരന്തരശ്രമമാണ് നടത്തിയത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നുവെന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. സര്‍വ പിന്തിരിപ്പന്മാരെയും സ്ഥാപിത താത്പര്യക്കാരെയും യാഥാസ്ഥിതികരെയും ഒന്നിച്ചണിനിരത്തി കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ തിരിച്ചുവിടുന്നതിനാണവര്‍ ശ്രമിച്ചത്. അങ്ങനെ പ്രതിപക്ഷനേതൃത്വത്തില്‍ സാമുദായിക-വര്‍ഗീയ പിന്തിരിപ്പന്‍ സംഘടനാരൂപം തന്നെ ഉടലെടുത്തു.
അതിന് പ്രധാനപ്പെട്ട, അടിസ്ഥാനപരമായ മൂന്ന് കാരണങ്ങളുണ്ടായിരുന്നു. ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമാണ് ഇ.എം.എസ്. ഗവണ്മെന്റ് ആദ്യം നടത്തിയത്. ആരെയും കുടിയൊഴിപ്പിക്കരുതെന്ന ഓര്‍ഡിനന്‍സ്. മന്ത്രിസഭ അധികാരമേറ്റ് ഒരാഴ്ചയ്ക്കകം (ഏപ്രില്‍ 11) ആണ് ആ അടിയന്തര നിയമം പ്രാബല്യത്തിലായത്. മുപ്പത്താറുതൊട്ട് കര്‍ഷകസംഘവും നാല്‍പതു മുതല്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനവും ഉന്നയിച്ചു വന്ന ആവശ്യമായിരുന്നു അത്. ഒഴിപ്പിക്കലിനെതിരെ കര്‍ഷക-തൊഴിലാളി പ്രസ്ഥാനം സംസ്ഥാനത്തുടനീളം അതിശക്തമായ പ്രക്ഷോഭമാണ് നടത്തിവന്നത്. ആ പ്രക്ഷോഭങ്ങളുടെയടക്കം ഫലമായി രൂപപ്പെട്ട പുരോഗമന പശ്ചാത്തലം - ആ പശ്ചാത്തലത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണം, ഭരണം വന്ന ഉടനെതന്നെ കര്‍ഷകരെ അവര്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് ഒരു കാരണവശാലും ഒഴിപ്പിക്കരുതെന്ന ഉത്തരവ്. ഭൂസ്വാമിമാര്‍ക്കും പിന്തിരിപ്പന്മാര്‍ക്കും കനത്ത ആഘാതമായിരുന്നു ആ ഉത്തരവ്.

അതിന്റെ തുടര്‍ച്ചയായി ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിക്കപ്പെട്ടു. മര്യാദപ്പട്ടം നിശ്ചയിച്ച് കൈവശക്കാരന് ഭൂമി നല്‍കാനാണ് ഭൂപരിഷ്‌കരണ ബില്ലില്‍ വ്യവസ്ഥ ചെയ്തത്. കൈവശം വയ്ക്കാവുന്ന ഭൂമിക്ക് ന്യായമായ പരിധി നിശ്ചയിച്ചു. ആയിരവും പതിനായിരവും ഏക്കര്‍ ഭൂമി കൈവശം വച്ചുവരികയായിരുന്ന വമ്പന്‍ ഭൂസ്വാമിമാര്‍ക്ക് അതെങ്ങനെ സഹിക്കാനാകും?
ഭൂപരിഷ്‌കരണ ബില്‍ തയ്യാറാക്കുന്നതിനുമുമ്പ് വിശദമായ ചര്‍ച്ച നടന്നു. ബില്‍ തയ്യാറാക്കിയത് കൂട്ടായ ചര്‍ച്ചയിലൂടെയാണ്. നിയമവൈദഗ്ധ്യമല്ല, കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമാണ് പ്രധാനമായും ആ ചര്‍ച്ചകളെ സജീവമാക്കിയത്.
1959 ജൂണ്‍ പത്തിന് ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചുവടുവയ്പ്. എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന് ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും.
1963ല്‍ ആര്‍ ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത് റവന്യു വകുപ്പ് കൈയാളിയത് പി.ടി. ചാക്കോയാണ്. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ് അന്ന് ചെയ്തത്. തുടര്‍ന്ന്, 1967ല്‍ വീണ്ടും ഇ.എം.എസ്. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന് സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന് അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത് സെന്റും നഗരത്തില്‍ അഞ്ച് സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക് മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ് കുടിയാന് ഭൂമി സ്വന്തമായത്.

എന്നാല്‍, നിയമം കൊണ്ടുവന്നതു കൊണ്ടുമാത്രം ഭൂരഹിതര്‍ ഭൂവുടമകളാകണമെന്നില്ല. നിയമസഭ പാസാക്കിയ ഭൂനിയമം ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ ഫലമാണ്. അത് ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിനും ശക്തമായ പ്രക്ഷോഭം വേണ്ടിവന്നു. 1969ന്റെ അവസാനം മുതല്‍ രണ്ടുഘട്ടമായി നടന്ന ഐതിഹാസിക സമരം ഓര്‍മിക്കുക. കൃഷിക്കാര്‍ അവരുടെ ഭൂമി, കുടിയാന്മാര്‍ അവരുടെ കുടികിടപ്പ് വളച്ചുകെട്ടിക്കൊണ്ട് ആദ്യഘട്ടം സമരം, മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടിയും കൃഷി ഇറക്കിയും വിളവെടുത്തുംകൊണ്ട് രണ്ടാംഘട്ട സമരം. പാര്‍ലമെന്റില്‍ എ.കെ.ജി. നടത്തിയ ഉജ്ജ്വല പോരാട്ടം. അതിന്റെയെല്ലാം ഫലമായി ഭൂപരിഷ്‌കരണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബദ്ധമായത് - കേരളത്തെ കേരളമാക്കിയത് അതെല്ലാമാണ്. സമരവും ഭരണവും തുടര്‍ച്ചയോ പര്‌സപരപൂരകമോ ആണെന്നര്‍ഥം. 1957ലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഒരു സമരരൂപം തന്നെയായിരുന്നു. ബൂര്‍ഷാവ്യവസ്ഥിതിക്കകത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഗവണ്മെന്റുകള്‍ ഗവണ്മെന്റായിരിക്കുമ്പോള്‍ തന്നെ തൊഴിലാളി വര്‍ഗത്തിന്റെ സവിശേഷമായ ഒരു സമരരൂപം കൂടിയാണ്.

1957 ജൂലൈയില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച് പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചതാണ്. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ് വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്. അതിനെതിരെ സാമുദായിക വര്‍ഗീയ ശക്തികളും നിക്ഷിപ്തതാത്പര്യക്കാരും ഉറഞ്ഞാടി. സ്വകാര്യസ്‌കൂളുകളില്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നുവേണം അധ്യാപകരെ തെരഞ്ഞെടുക്കാന്‍ എന്നു തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെപോയി.
വിദ്യാഭ്യാസനിയമവും ഭൂനിയമവും എന്നതുപോലെ തന്നെ അടിസ്ഥാനപരമായി മാറ്റം കുറിക്കുന്നതായിരുന്നു ഇ.എം.എസ്. ഗവണ്മെന്റിന്റെ പോലീസ് നയവും. തൊഴില്‍ത്തര്‍ക്കങ്ങളില്‍, തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല എന്ന പ്രഖ്യാപനമാണ് ഇ.എം.എസ്. നടത്തിയത്. സാമാന്യജനങ്ങളെ, തൊഴിലാളികളെ, സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താനാണ് അന്നുവരെ പോലീസിനെ ഉപയോഗിച്ചത്. 'ക്രമസമാധാനപാലനവും കുറ്റാന്വേഷണവുമാണ് പോലീസിന്റെ ചുമതല. സമരങ്ങളെ അടിച്ചമര്‍ത്തില്ല' എന്ന പ്രഖ്യാപനം കോളിളക്കം സൃഷ്ടിച്ചു. മുതലാളിമാരും സ്ഥാപിതതാത്പര്യക്കാരും 'ഇതാ ക്രമസമാധാനം തകര്‍ന്നുപോകുന്നു'വെന്ന് മുറവിളികൂട്ടി. എന്നാല്‍, അധ്വാനിക്കുന്ന ജനങ്ങള്‍ക്കാകെ ആത്മവിശ്വാസം പകര്‍ന്ന പ്രഖ്യാപനമായിരുന്നു അത്.
ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്പരപൂരക നടപടികളാണ്. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.