Vision towards development – VS

ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ അനുഭവങ്ങളെ ക്രോഡീകരിച്ചാണ് വികസന പരിപാടി തയ്യാറാക്കേണ്ടതെന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട്. ഐക്യകേരളം രൂപീകരിച്ച കാലം മുതല്‍ ഇവിടെ പാര്‍ടി ആ സമീപനമാണ് സ്വീകരിച്ചു വരുന്നത്. മാറിമാറിവരുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വികസന കാഴ്ചപ്പാടിലും മാറ്റങ്ങള്‍ ആവശ്യമായി വരും. ആധുനിക കേരളത്തിന്റെ സമഗ്രവും സാമൂഹ്യനീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിനു തുടക്കമിട്ടത് 1957ല്‍ ഇ.എം.എസ്. നയിച്ച കമ്യൂണിസ്റ്റ് ഗവണ്‍മെന്റായിരുന്നു.

ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക് അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത് - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്പരപൂരക നടപടികളാണ്; സമഗ്രവികസനത്തിനുള്ള അടിത്തറയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്, പിന്നാക്കക്കാര്‍ക്ക് അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക് വഴിതുറന്നു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ഉച്ചനീചത്വം വളര്‍ത്തുന്ന മുതലാളിത്ത വികസനപാതയല്ല ആദ്യ ഗവണ്‍മെന്റ് വെട്ടിത്തുറന്നത്. സാമൂഹ്യനീതിയും മാനവവികസനവും കൈവരുത്തുക എന്ന ലക്ഷ്യത്തോടെ പാവങ്ങളെ മുഖ്യധാരയിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്തരം കുറച്ചുകൊണ്ടുവരികയും തുല്യാവസരം ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബദല്‍ വികസനപാതയാണ് തുറന്നത്. ഭൂപരിഷ്‌ക്കരണവും വിദ്യാഭ്യാസനിയമവുമെല്ലാം അതിന്റെ അടിസ്ഥാനമാണ്.
ആ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള മുന്നേറ്റമാണ് 1967ല്‍ അധികാരത്തില്‍വന്ന ഇ.എം.എസ്. മന്ത്രിസഭയുടെയും പിന്നീട് മൂന്നു തവണ അധികാരത്തില്‍ വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയുടെയും കാലത്തുണ്ടായത്. 1967 ലെ ഭരണകാലത്ത് ഭൂപരിഷ്‌ക്കരണനിയമത്തിന് പൂര്‍ണത കൈവരുത്തിയതും സഹകരണനിയമം കൊണ്ടുവന്ന് സംസ്ഥാനത്ത് വികസനത്തിന്റെ പുതിയൊരു പന്ഥാവ് വെട്ടിത്തെളിച്ചതും സ്മരണീയമാണ്. 1980 ല്‍ കാര്‍ഷികതൊഴിലാളി പെന്‍ഷന്‍ നടപ്പാക്കുകയും അതേ തുടര്‍ന്ന് ക്ഷേമനിധികള്‍ കൊണ്ടുവരികയും ചെയ്തു. 1987ല്‍ സമ്പൂര്‍ണ്ണ സാക്ഷരതക്കുവേണ്ടി മഹത്തായ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയും രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരസംസ്ഥാനമായി കേരളത്തെ മാറ്റുകയും ചെയ്തു. അധികാരവികേന്ദ്രീകരണം സാര്‍ഥകമാക്കുന്നതിന് ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് ജില്ലാ കൗണ്‍സിലുകളെ കഴുത്ത് ഞെരിച്ച് കൊന്നു. എന്നാല്‍ 1996 ല്‍ വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ അധികാരവികേന്ദ്രീകരണം അതിന്റെ യഥാര്‍ത്ഥ സ്പിരിറ്റില്‍ നടപ്പാക്കി. രാജ്യത്തിനാകെ മാതൃകയായ ജനകീയാസൂത്രണ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി. പദ്ധതികള്‍ ജനങ്ങള്‍ തന്നെ ആസൂത്രണം ചെയ്യുകയും ജനപങ്കാളിത്തത്തോടെ സുതാര്യമായി നടപ്പാക്കുകയും ചെയ്യുകയായിരുന്നു. രാജ്യത്താദ്യമായി സംസ്ഥാനത്തിന്റെ പദ്ധതി തുകയില്‍ നാല്പത് ശതമാനത്തോളം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് വികേന്ദ്രീകൃതവികസനത്തിന് പശ്ചാത്തലമൊരുക്കി. പതിനായിരക്കണക്കിന് ഭവനരഹിതര്‍ക്ക് ജനകീയാസൂത്രണ പദ്ധതിയിലൂടെയും മൈത്രീ ഭവനപദ്ധതിയിലൂടെയും വീട് ലഭ്യമാക്കി.

എന്നാല്‍ 2001 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളത്തിന്റെ ഈ വികസനമുന്നേറ്റത്തെയാകെ അട്ടിമറിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയോ വിറ്റു തുലയ്ക്കുകയോ ചെയ്യുക എന്ന നയം സ്വീകരിച്ചതിനാല്‍ അവ നാശത്തിലേക്ക് മുതലക്കൂപ്പ് നടത്തി. പൊതുജനാരോഗ്യകേന്ദ്രങ്ങളെ ചത്തതിനൊക്കുമേ ജീവച്ചിരിക്കലും എന്ന അവസ്ഥയിലാക്കി. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിച്ചു. പണമില്ലാത്തവന് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന സ്ഥിതിയുണ്ടാക്കി. പരമ്പരാഗത വ്യവസായമേഖല തകര്‍ത്തു, തോട്ടങ്ങള്‍ അടച്ചുപൂട്ടി. കാര്‍ഷികമേഖലയില്‍ തകര്‍ച്ചയും കടക്കെണിയും അതിന്റെ ഫലമായി ആത്മഹത്യയുമാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ അനുഭവം. യു.ഡി.എഫിന്റെ ഭരണകാലത്ത് ആയിരത്തഞ്ഞൂറ് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ക്ഷേമപെന്‍ഷനുകളെല്ലാം മരവിപ്പിക്കുന്ന സ്ഥിതി വന്നു. നിയമനിരോധനം നടപ്പാക്കി പതിനായിരക്കണക്കിന് തസ്തികകള്‍ ഇല്ലാതാക്കി. ഫലത്തില്‍ കേരളം നേടിയെടുത്ത നന്മകളെല്ലാം - നേട്ടങ്ങളെല്ലാം തകര്‍ത്ത്, സംസ്ഥാനത്തെ മുച്ചൂടും മുടിച്ച ഒരു ഭരണമാണ് 2001-2006 ല്‍ കേരളത്തില്‍ നടന്നത്.

ആന കയറിയ കരിമ്പിന്‍തോട്ടംപോലെയാക്കിയ ആ അവസ്ഥയില്‍ നിന്നും കേരളത്തെ മുക്തമാക്കാനും വികസന-ക്ഷേമരംഗങ്ങളില്‍ ഒരു കുതിപ്പുണ്ടാക്കാനുമാണ് കഴിഞ്ഞ 57 മാസമായി എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗമാളുകള്‍ക്കും ക്ഷേമനിധി, എല്ലാ വിഭാഗത്തിനും പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകളില്‍ വന്‍വര്‍ധന, ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടി, രണ്ട് രൂപനിരക്കില്‍ റേഷനരി, സൗജന്യ ആരോഗ്യ സുരക്ഷാപദ്ധതി, പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ സുസജ്ജീകരണം എന്നിങ്ങനെ ക്ഷേമനടപടികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ അഭൂതപൂര്‍വമായ മുന്നേറ്റം. അതിനൊപ്പം എല്ലാ ഭൂരഹിത ദരിദ്രകുടുംബങ്ങള്‍ക്കും സ്ഥലം, വീടില്ലാത്ത മുഴുവന്‍ ദരിദ്രകുടുംബങ്ങള്‍ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെയുള്ള പദ്ധതികള്‍, കെ.എസ്.ആര്‍.ടി.സി.യുടെ പുനഃസംഘാടനവും നവീകരണവും വിപുലനവും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം, വല്ലാര്‍പാടം പദ്ധതികള്‍, ദേശീയ ജലപാത തുടങ്ങിയ പദ്ധതികളുമായുള്ള മുന്നോട്ടുപോക്ക്, മെട്രോ റെയില്‍വേക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനുള്ള ശ്രമങ്ങള്‍, പൊതുമേഖലാ വ്യവസായങ്ങളുടെ നവീകരണവും ലാഭത്തിലാക്കലും പുതിയ പൊതുമേഖലാ വ്യവസായങ്ങളുടെ ആരംഭവും പുതിയ ഐ.ടി. പാര്‍ക്കുകളും ഐ.ടി.മേഖലയിലെ മുന്നേറ്റവുമടക്കം വ്യവസായ മേഖലയിലെ ഉണര്‍വ് - അതിനെല്ലാം പുറമെ കാര്‍ഷികരംഗത്ത് നൈരാശ്യമകറ്റി നവോന്മേഷം സൃഷ്ടിച്ചതും കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ നെല്‍കൃഷി, പച്ചക്കറി, ക്ഷീരവികസനം, ഫിഷറീസ് മേഖലയില്‍ നടപ്പാക്കിയ വമ്പിച്ച പദ്ധതികളും അതിന്റെ നേട്ടങ്ങളും-ഈവിധത്തില്‍ ക്ഷേമത്തിന്റെ മാത്രമല്ല, അത് നിലനിര്‍ത്തുന്നതിന് അടിസ്ഥാനമാകേണ്ട ഉല്പാദനരംഗത്തെ മുന്നേറ്റവും ആണ് കഴിഞ്ഞ 57 മാസത്തെ അനുഭവം.