എല്‍.ഡി.എഫ് അടിത്തറ കൂടുതല്‍ ശക്തമാക്കും മുന്നണി വീണ്ടും അധികാരമേല്‍ക്കും - സി കെ ചന്ദ്രപ്പന്‍

''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്തിരിച്ചടിയാണ് നേരിട്ടത്. ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. യു ഡി എഫിനെപ്പോലും അദ്ഭുതപ്പെടുത്തുന്നതിരഞ്ഞെടുപ്പ് ഫലമാണുണ്ടായത്. പാര്‍ട്ടി വളരെ ഗൗരവത്തോടെയും സൂക്ഷ്മതയോടെയും തിരഞ്ഞെടുപ്പ്ഫലത്തെ വിശകലനം ചെയ്യേണ്ടതുണ്ട്''.
''ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ ഏറെ മുന്‍കൈ എടുത്തു. ആനുകൂല്യങ്ങള്‍ലഭ്യമാകാത്ത കുടുംബങ്ങള്‍ കേരളത്തില്‍ പരിമിതമായിരുന്നു. എന്നിട്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുംതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നമുക്കു പരാജയമാണുണ്ടായത്. ഇത് എന്തുകൊണ്ട് എന്നത്പരിശോധിക്കേണ്ടതുണ്ട്''.
സി.പി..സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച തിരഞ്ഞെടുപ്പ് വിശകലനത്തിലെ പരാമര്‍ശമാണ് മുകളില്‍സൂചിപ്പിച്ചിട്ടുള്ളത്.
പരിശോധനകള്‍ നടത്തുന്നതിനുമുമ്പ് ഒന്നു രണ്ടു കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. തങ്ങളുടെഅപ്രതീക്ഷിതമായ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന യു ഡി എഫും എല്‍ ഡി എഫിന്റെ ശത്രുക്കളുംപ്രചരിക്കുന്നത്. എല്‍ ഡി എഫിന്റെ അടിത്തറ തകര്‍ന്നു എന്നാണ്.
ഇതു വെറും ദിവാസ്വപ്നമാണ്. വസ്തുതകള്‍ക്ക് ഒട്ടും നിരക്കാത്തൊരു സംഗതി. ഞാന്‍ കണക്കുകളൊന്നും ഉദ്ധരിക്കാതെഎല്ലാവരും അംഗീകരിക്കുന്ന ഒരു പരമാര്‍ഥം ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. അതിതാണ്. കഴിഞ്ഞ പാര്‍ലമെന്റ്തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവല്ലോ എല്‍ ഡി എഫ്. ഇത്തവണ വീണ്ടും പരാജയപ്പെട്ടു എന്ന വസ്തുതനിലനില്‍ക്കുമ്പോള്‍ത്തന്നെ പരമാര്‍ഥം കാണാതെ പോകരുത്. പാര്‍ലമെന്‍ഖ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്കൂടുതല്‍ വോട്ടുനേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അസംബ്ലി സെഗ്‌മെന്റുകളില്‍ എല്‍ ഡി എഫിന്ഇത്തവണ ലഭിച്ചവോട്ടുകള്‍ (ജില്ലാ പഞ്ചായത്തിലെ വോട്ടുകള്‍) കണക്കിലെടുത്താല്‍ ഏതാണ്ട് 45 ഓളംമണ്ഡലങ്ങളില്‍ ഭൂരിപക്ഷം എല്‍ ഡി എഫിനാണ്. ഏതാണ്ട് അത്രതന്നെ മണ്ഡലങ്ങളില്‍ 500 മുതല്‍ 3000 വരെയുള്ള വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് പിന്നില്‍ നില്‍ക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായിതാരതമ്യപ്പെടുത്തിയാല്‍ ഇതിനകം തന്നെ എല്‍ ഡി എഫ് അതിന്റെ നില ഗണ്യമായി മെച്ചപ്പെടുത്തി. ഒന്നിച്ചുനിന്ന്ഒരേ മനസോടെ എല്‍ ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ പോരായ്മ നിസംശയം നികത്തുവാന്‍ കഴിയും. അസംബ്ലിയിലേയ്ക്കു അടുത്തു തന്നെ നടക്കുവാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനു ഭൂരിപക്ഷം, നല്ലഭൂരിപക്ഷം, നേടുവാന്‍ കഴിയും.
അതു സാധിക്കണമെങ്കില്‍ എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ നല്ല ആത്മപരിശോധന നടത്തി, പോരായ്മകള്‍ക്കുപരിഹാരം കണ്ടെത്തണം എന്നത് വളരെ പ്രധാനമാണ്.
ചില ആശയങ്ങളിലും ചില ലക്ഷ്യങ്ങളിലും ഒക്കെ ഏതാണ്ട് സമാന ചിന്തകളുള്ള കക്ഷികള്‍, ആകാവുന്നത്ര ആശയ പൊരുത്തത്തിന്റെയടിസ്ഥാനത്തില്‍ രൂപം നല്‍കുന്ന ഒരു പൊതു പരിപാടിയാണ് ഐക്യത്തിന്റെ ആധാരശില. യോജിപ്പിന്റെ മൗലികമായ മറ്റൊരു സംഗതി, കക്ഷികള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും തുല്യതയുടെ അടിസ്ഥാനത്തിലുള്ള സമീപനവും തന്നെ. ഇത് എത്രത്തോളം കാത്തുസൂക്ഷിക്കുന്നു, അത്രത്തോളം ആ മുന്നണിയുടെ നിലനില്‍പ്പും പ്രവര്‍ത്തനവും ഭദ്രമായിരിക്കുകയും ചെയ്യും.
ഇന്ത്യ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസും അവരെ പിന്തുടര്‍ന്ന് അധികാരത്തിലെത്തിയ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയും ബൂര്‍ഷ്വാ ഭരണത്തിന്റെ പരിമിതികളുടെയും പരാജയത്തിന്റെയും നിദര്‍ശനങ്ങളാണ്. മതനിരപേക്ഷതയുടെ ഒരു പ്രശ്‌നമൊഴിച്ച് മറ്റെല്ലാറ്റിലും ഈ കക്ഷികള്‍ സമാനചിന്താഗതിക്കാരാണ്. അവരുടെ ഭരണം നമ്മുടെ നാടിനെ ദരിദ്രരുടെ നാടാക്കി. വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ ഇവരുടെ സൃഷ്ടിയാണ്. നമ്മുടെ സുശക്തമായ, സമ്പദ്ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും കളിയരങ്ങായി മാറ്റപ്പെടുകയാണ് രാജ്യം.ഇവിടെ ജനങ്ങളില്‍ ഭൂരിപക്ഷം നിരക്ഷരതയിലും ദാരിദ്ര്യത്തിലും കഴിയുന്നു. പോഷകാഹാര ലഭ്യതയ്ക്കുറപ്പില്ലാത്ത ഇന്ത്യയില്‍ സ്ത്രീകളും പ്രത്യേകിച്ച് കുട്ടികളും അനാരോഗ്യത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. കര്‍ഷകര്‍ കടക്കെണിയില്‍. അവര്‍ കൂട്ട ആത്മഹത്യയിലേയ്ക്കു നയിക്കപ്പെടുന്നു. തൊഴിലില്ലായ്മ കൊടികുത്തിവാഴുന്നു. ആരെയും ഞെട്ടിപ്പിക്കുന്ന അഴിമതി കേസുകളുടെ ചുരുളുകള്‍ അഴിയുമ്പോള്‍ രാഷ്ട്രം കൊള്ള ചെയ്യപ്പെടുന്നതിന്റെ ഭീകരചിത്രങ്ങള്‍അനാവരണം ചെയ്യപ്പെടുന്നു. കള്ളപ്പണം പെരുകുന്നതിനൊരു കണക്കുമില്ല. അതു സൃഷ്ടിക്കുന്ന മാഫിയസംഘങ്ങളും ക്രിമിനലുകളും പൊതു തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച് പാര്‍ലമെന്റും അസംബ്ലികളും അവരുടെ ചൊല്പടിക്കു നിറുത്തുന്ന മനംമടുപ്പിക്കുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്. ഇവിടെ അക്ഷരാര്‍ഥത്തില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു.
ഈ കടുത്ത ദുരവസ്ഥ സൃഷ്ടിച്ച ഇന്ത്യയിലെ ബൂര്‍ഷ്വാഭരണ രാഷ്ട്രീയത്തിന് ബദലെന്ത് എന്ന ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനുള്ള ശക്തമായ മറുപടിയാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍. അത്തരം ഒരു ബദല്‍ രാഷ്ട്രീയശക്തി സൃഷ്ടിക്കുക എന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ കടമ നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് നാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണുന്നതും അതിനെ ശക്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും.
ഈ കടമ നിര്‍വഹിക്കുവാന്‍ ഇടതുപക്ഷങ്ങള്‍ക്കുമാത്രമായി ഇന്ത്യയില്‍ സാധിക്കുകില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്, ഇടതുപക്ഷശക്തികള്‍ ജനാധിപത്യശക്തികളുമായി യോജിക്കുന്നത്. ഇടതുപക്ഷശക്തികള്‍ക്കീ മുന്നണിയെ ഭദ്രമായി മുന്നോട്ടു നയിക്കുന്നതില്‍ വലിയ ചുമതലകളും ഉത്തരവാദിത്വവുമുണ്ട്. ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്നത് അത്യാവശ്യമാണ്. ഇന്ത്യയില്‍ അര്‍ഥവത്തായ രാഷ്ട്രീയ മാറ്റങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ഇടതുപക്ഷം അങ്ങേയറ്റം ക്ഷമയോടെ പക്വതയോടെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ആ ശക്തികളെ കൂടെ നിറുത്തേണ്ടിവരും.
എന്തിന്? നാട്ടില്‍ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി.
ഈ രംഗത്ത് കേരളത്തില്‍ പാര്‍ട്ടികളെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നതില്‍ ഇടതുപക്ഷത്തിന് സംഭവിച്ച ജനാധിപത്യ പിഴവുകള്‍ സത്യസന്ധമായി പരിശോധിച്ചേ മതിയാകൂ. അത് ഭാവിയില്‍ ഇടതു ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുതകും. ഇടതുപക്ഷം പറയുന്നതൊക്കെ അനുസരിച്ച് അനുസരണയോടെ അവര്‍ മുന്നണിയില്‍ നിന്നുകൊള്ളണം എന്ന സമീപനം തെറ്റു തന്നെയാണ്. പൊതുവായംഗീകരിച്ച പരിപാടികളിലുറച്ചു നില്‍ക്കുന്നതിനപ്പുറം അത്തരം പാര്‍ട്ടികളെ നിര്‍ണയിക്കുന്നതു ശരിയല്ല.
അതുപോലെ തന്നെ ചെറിയ പാര്‍ട്ടികളുടെ കൈവശമുള്ള പരിമിതമായ അസംബ്ലി-പാര്‍ലമെന്റ് സീറ്റുകള്‍ തട്ടിപ്പറിക്കുന്ന സമീപനവും മുന്നണി ബന്ധങ്ങളെ ശിഥിലമാക്കും.
ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിനു നമ്മള്‍ നമ്മുടേതായ സംഭാവനകള്‍ ചെയ്യുകയാണ് എന്ന് ബോധ്യമുണ്ടെങ്കില്‍ അതിനു സഹിക്കുന്ന ഏതു ത്യാഗവും അധികമാവുകയില്ല.
ഈ പ്രശ്‌നത്തില്‍ എല്‍ ഡി എഫില്‍ സംഭവിച്ച പിഴവുകള്‍ എല്‍ ഡി എഫിനെ ദുര്‍ബലമാക്കുവാനേ സഹായിച്ചുള്ളൂ. കൂടെനിന്ന ജനാധിപത്യ ശക്തികള്‍ മറുഭാഗം ചേര്‍ന്നപ്പോള്‍ ബലാബലത്തില്‍ മാറ്റവും സംഭവിച്ചു. അതു പരാജയത്തിന് വഴിവെച്ചു.
കൂടുതല്‍ ജനാധിപത്യശക്തികളെ ഇടതുപക്ഷത്തോടൊപ്പം നിറുത്തുക എന്ന കടമ ഇന്ന് സുപ്രധാനമാണ് എന്ന് മനസ്സിലാക്കി, ആ ശക്തികളെ ഇടതുപക്ഷത്തോടടുപ്പിക്കുവാനുള്ള ശ്രമം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണ് ഇടതുപക്ഷം. ഇതാണ് വസ്തുത എങ്കിലും അവര്‍ക്ക് ഒരുപാടു സംശയങ്ങളും ഭയവുമുണ്ട്. ഭൗതികവാദികളായ ഇടതുപക്ഷം, മതന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെയും പ്രാര്‍ഥനാവകാശങ്ങളെയും ഹനിക്കും എന്നാണവരുടെ ഉത്ക്കണ്ഠ. ഈ ആശങ്ക ഇല്ലാതാക്കുവാന്‍ ക്ഷമയോടെ മാന്യമായി ഉന്നത നിലവാരം പുലര്‍ത്തികൊണ്ടുള്ള കേരളം ശ്രദ്ധിച്ച സംവാദങ്ങള്‍ നടത്തിയ മഹത്തായ ഒരു പാരമ്പര്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. അതു മതന്യൂനപക്ഷത്തെ നന്നായി സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മതന്യൂനപക്ഷത്തിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെയും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയും ഉറച്ചുനിന്നെതിര്‍ക്കേണ്ടതുമാണ്. പക്ഷേ ഇതൊക്കെ ചെയ്യുമ്പോള്‍ നാമുപയോഗിക്കുന്ന വാക്കുകളും നമ്മുടെ പ്രവൃത്തികളും ഒക്കെ തികച്ചും മാന്യമായിരിക്കണം.
പൊതുജീവിതത്തില്‍ നാം വിനയാന്വിതരായിരിക്കണം. നമ്മുടെ പ്രവൃത്തികള്‍ സംശയത്തിനതീതമായിരിക്കണം. നമ്മുടെ ജീവിതം അഴിമതിയുടെ കറപുരളാത്തതായിരിക്കണം. നമ്മള്‍ സംസ്‌കാരത്തിനും മാന്യതയ്ക്കും നിരക്കാത്തതൊന്നും പൊതുജീവിതത്തില്‍ ചെയ്യരുത്. അതു ജനങ്ങള്‍ അംഗീകരിക്കുകില്ല. അവര്‍ നമ്മളില്‍ നിന്നകന്നു പോവുകയും ചെയ്യും.
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് ചെയ്ത പ്രവൃത്തികള്‍ ശ്ലാഘനീയമാണ്. എന്നാല്‍ കേരളം വലിയൊരു മിഡില്‍ ക്ലാസ് ജനവിഭാഗത്തിന്റെ നാടാണ് എന്നു നാം വിസ്മരിക്കരുത്. ഉദ്യോഗസ്ഥര്‍, ചെറിയ വ്യവസായികള്‍, കച്ചവടക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കോളജധ്യാപകര്‍, അഭിഭാഷകര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ഒരുപാടു വിഭാഗങ്ങള്‍ ഇതില്‍പെടുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പാവങ്ങളുടെ പ്രശ്‌നങ്ങളല്ല, വ്യത്യസ്തമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വമായ പരിഗണനയര്‍ഹിക്കുന്നു എന്ന കാര്യം വിസ്മരിച്ചുകൂട.
നല്ല റോഡ്, വിദ്യാഭ്യാസ സൗകര്യങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍, സ്‌പോര്‍ട്‌സ് സൗക്യങ്ങള്‍, റിക്രിയേഷന്‍ സൗകര്യങ്ങള്‍, നല്ല നടപ്പാതകളും പാര്‍ക്കുകളും, വിനോദസഞ്ചാര സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ അവരുടെ പ്രശ്‌നങ്ങളാണ്. മനപൂര്‍വമല്ലെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്കര്‍ഹമായ പ്രാധാന്യം നല്‍കി അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ എല്‍ ഡി എഫിനു കഴിഞ്ഞുവോ എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഈ പോരായ്മ നികത്തണം. ഇടത്തരക്കാരുടെ സമൂഹം പൊതുവേ നമ്മുടെ ബന്ധുക്കളാണ് എന്ന തിരിച്ചറിവും നമുണ്ടുക്കാവണം.
''ആരു ഭരിച്ചാലെന്ത്? എല്ലാമൊരുപോലെ!'' ഈ വര്‍ത്തമാനം ഇന്നും ഒരുപാടാളുകള്‍ പറയുന്ന വര്‍ത്തമാനമാണ്.
പകലും രാത്രിയും പോലുള്ള വ്യത്യാസമുണ്ട് എല്‍ ഡി എഫും യു ഡി എഫും തമ്മില്‍. എന്നാല്‍ ഈ വ്യത്യാസം എല്‍ ഡി എഫിന്റെ നയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍. ഏറ്റവും താഴെത്തട്ടില്‍ വരെയുള്ള ജനങ്ങളോടു വിശദീകരിച്ചു കൊടുക്കുന്ന ഒരു തുടര്‍ച്ചയായ ക്യാമ്പയിന്‍ നടത്തുന്നതില്‍ എല്‍ ഡി എഫ് വേണ്ടത്ര വിജയിച്ചില്ല.
എല്‍ ഡി എഫിന് വോട്ടു ചെയ്യുകയും പിന്തുണ നല്‍കുകയും ചെയ്ത ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഒന്നിച്ച് ഭരണനേട്ടങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുമെന്നാണ്. അവരുടെ എല്ലാ തലങ്ങളിലുമുള്ള പ്രശ്‌നങ്ങള്‍ ഒരുമിച്ച് എല്‍ ഡി എഫ് കൈകാര്യം ചെയ്യുമെന്നാണ്.
ഈ പ്രതീക്ഷിയ്‌ക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല. ഈ വീഴ്ചയ്ക്കു പരിഹാരം കണ്ടേതീരൂ.